ഒരു വീടിനു സർക്കാർ കണക്കാക്കിയ വില 63,000 രൂപ; കണ്ണൂർ എയർപോർട്ടിന് ഭൂമി നൽകിയ കുടുംബങ്ങൾ ദുരിതത്തിൽ

മട്ടന്നൂർ കണ്ണൂർ വിമാനത്താവളത്തിന്റെ ലൈറ്റനിങ് ഏരിയയ്ക്കുവേണ്ടി
സ്‌ഥലം ഏറ്റെടുക്കുന്ന കല്ലേരിക്കര പാറപ്പൊയിലിലെ 5 കുടുംബങ്ങൾ ദുരിതത്തിൽ. ഏറ്റെടുക്കുന്ന സ്‌ഥലത്തെ ഒരു വീടിനു സർക്കാർ കണക്കാക്കിയ വില 63,000 രൂപ. കാലപ്പഴക്കത്തിൻ്റെ പേരിൽ വീടിനു 10 ലക്ഷം രൂപ വിലകുറച്ചുവെന്ന് ഉടമകൾ പറയുന്നു. ഒരേ ഭൂമിയിൽ മുൻപ് ഏറ്റെടുത്തപ്പോൾ നൽകിയ പണവും ഇപ്പോൾ ഏറ്റെടുക്കുന്നതിനു കണക്കാക്കിയ തുകയും തമ്മിൽ മൂന്നര ലക്ഷത്തോളം രൂപയുടെ വ്യത്യാസമുണ്ട്. ഏക ആശ്രയമായ വീടും ഭൂമിയും വിമാനത്താവളത്തിനു വിട്ടുനൽകുന്ന കുടുംബത്തിന് ലഭ്യമാവുക നാമമാത്രമായ തുക. മറ്റുള്ളവർക്ക് പുനരധിവാസത്തിന് സ്‌ഥലം നൽകിയപ്പോൾ ഇവർക്ക് അതുമില്ല. പുതിയ വീടു വയ്ക്കാൻ ലോൺ എടുക്കേണ്ട ഗതികേടിലാണ് ഇവർ.

മരൂർകണ്ടി ബീന, തേരമ്പേത്ത് ബാലൻ, പുതിയേടത്ത് കർത്യായനി, നരിക്കോടൻ ഷീല, പുഷ്‌പ, നരിക്കോടൻ സുരേന്ദ്രൻ എന്നിവരുടെ കുടുംബങ്ങളാണ് വികസനത്തിന് ഭൂമി വിട്ട് നൽകുന്നതിന്റെ പേരിൽ ദുരിതത്തിലായത്. 6 വർഷം മുൻപ് സ്‌ഥലം വിട്ടു നൽകിയപ്പോൾ നരിക്കോടൻ സുരേന്ദ്രന്റെ സ്‌ഥലത്തിന് ലഭിച്ചത് സെൻ്റിന് 8.4 ലക്ഷം രൂപയാണ്. അതേ സ്‌ഥലത്തിന്റെ ബാക്കിവരുന്ന ഭാഗം ഇപ്പോൾ ഏറ്റെടുക്കുമ്പോൾ സർക്കാർ നിശ്ചയിച്ചിരിക്കുന്നത് അഞ്ചര ലക്ഷത്തോളം രൂപമാത്രം. മട്ടന്നൂർ നഗരത്തോടു ചേർന്നുകിടക്കുന്ന വിമാനത്താവള റോഡിൽനിന്നു 150 മീറ്ററോളം ദൂരത്തിൽ കിടക്കുന്ന ഒരേ സർവേ നമ്പറിൽ തന്നെയുള്ള സ്ഥലങ്ങൾക്കാണ് 6 വർഷങ്ങൾക്കിപ്പുറം 3 ലക്ഷത്തോളം രൂപ സർക്കാർ കുറച്ചിരിക്കുന്നത്.

5 കുടുംബങ്ങൾക്കും ഇതേ അവസ്‌ഥയാണ്. ഈ ഭൂമിയിലുള്ള വീടുകളുടെ കാര്യമാണ് സർക്കാർ കണക്കിൽ പരിതാപകരം. മരൂർകണ്ടി ബീനയുടെ വീടിന് കണക്കാക്കിയത് 26,29,509 രൂപയാണ്. എന്നാൽ കാലപ്പഴക്കത്തിന്റെ പേരിൽ വീടിന് കണക്കാക്കിയത് 17,6270 രൂപ. തേരമ്പേത്ത് ബാലന്റെ വീടിന് കണക്കാക്കിയത് 30,43,417 രൂപയാണ്. എന്നാൽ കാലപ്പഴക്കം പറഞ്ഞു 19,53,000 ലക്ഷമാക്കി കുറച്ചു. പുതിയേടത്ത് കർത്യായനിയുടെ വീടിന് 20 ലക്ഷം കണക്കാക്കിയപ്പോൾ കാലപ്പഴക്കം പറഞ്ഞ് അത് 8 ലക്ഷമാക്കി കുറച്ചു. നരിക്കോടൻ സുരേന്ദ്രൻ്റെ വീടിന് 22,21242 രൂപ വിലയിട്ടപ്പോൾ കാലപ്പഴക്കത്തിൻ്റെ കാരണത്തിൽ ലഭ്യമാവുക 16,38768 രൂപ മാത്രം.
നരിക്കോടൻ ഷീല, പുഷ്‌പ എന്നിവരുടെ വീടിൻ്റെ കാര്യമാണ് ഏറെ പ്രയാസം. 10,61354 രൂപ കണക്കാക്കിയ വീടിന് കാലപ്പഴക്കം കണക്കാക്കിയപ്പോൾ ലഭിക്കുക 63,681 രൂപ മാത്രമായി. ഈ തുക കൊണ്ട് എങ്ങനെ പുതിയ വീട് നിർമിക്കാൻ കഴിയുമെന്ന ആശങ്കയിലാണ് കുടുംബം. മുൻപ് വീട് ഏറ്റെടുക്കുമ്പോൾ കാലപ്പഴക്കം കണക്കാക്കിയിരുന്നില്ലെന്നാണ് കുടുംബങ്ങൾ പറയുന്നത്. ബാക്കി സ്‌ഥലം എടുക്കുന്ന കാലത്ത് പാക്കേജ് പ്രഖ്യാപിച്ചാണ് ചെയ്തിരുന്നതെങ്കിൽ ഇവർക്ക് അതുമില്ല. പാക്കേജ് പ്രകാരം വീടും സ്‌ഥലവും നഷ്‌ടപ്പെടുമ്പോൾ വീട് വയ്ക്കാൻ 10 സെൻ്റ് സ്‌ഥലവും കുടുംബത്തിൽ ഒരാൾക്ക് ജോലിയുമുണ്ടായിരുന്നു. ഇവരുടെ സർവവും നഷ്‌ടപ്പെടുമ്പോൾ ഇവർക്ക് പകരം വീട് വയ്ക്കാൻ സ്‌ഥലം പോലും സർക്കാർ കൊടുക്കുന്നില്ല. പരാതി നൽകിയിട്ടും അനുകൂല നടപടി ഉണ്ടാകുന്നില്ലെന്ന് സ്‌ഥലഉടമകൾ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top