പയ്യന്നൂർ കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് നഴ്‌സിംഗിന്റെ അക്കാദമിക് കെട്ടിട ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു

പയ്യന്നൂർ: ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് പുതിയൊരു നാഴികക്കല്ല് കൂടി പിന്നിട്ടുകൊണ്ട്, പയ്യന്നൂർ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ സൊസൈറ്റിക്ക് കീഴിലുള്ള കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് നഴ്‌സിംഗിന്റെ അക്കാദമിക് കെട്ടിടത്തിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും പ്രവർത്തന ഉദ്ഘാടനം വൈപ്പിരിയം-മാത്തിൽ ക്യാമ്പസിൽ വെച്ച് നടന്നു.

ടി.ഐ. മധുസൂദനൻ MLA ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. പയ്യന്നൂർ മേഖലയിലെ നഴ്‌സിംഗ് വിദ്യാഭ്യാസ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിൽ ഈ പുതിയ കെട്ടിടം വലിയ പങ്കുവഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പയ്യന്നൂർ സഹകരണ ആശുപത്രി പ്രസിഡന്റ് ശ്രീ വി. നാരായണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് ശ്രീ എം. ആനന്ദൻ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു. മുൻ MLA സി. കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോയ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, ബാങ്ക് ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

കോളേജ് പ്രിൻസിപ്പാൾ ഡോ. പ്രൊഫ. പവിത്രൻ റയരോത്ത്, മെഡിക്കൽ സൂപ്രണ്ട് ഡോ. വി. കുഞ്ഞിക്കണ്ണൻ എന്നിവരും നഴ്‌സിംഗ് കോളേജിലെ ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു. പയ്യന്നൂർ സഹകരണ ആശുപത്രി സെക്രട്ടറി ശ്രീ കെ.വി. സന്തോഷ് നന്ദി രേഖപ്പെടുത്തി.

ആധുനിക സൗകര്യങ്ങളോടു കൂടി സജ്ജീകരിച്ചിരിക്കുന്ന ഈ പുതിയ ക്യാമ്പസ് വിദ്യാർത്ഥികൾക്ക് കൂടുതൽ മെച്ചപ്പെട്ട പഠനാന്തരീക്ഷം ഒരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top