പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്‌തുക്കൾ കാണാതായ സംഭവം; റിപ്പോർട്ട് ഇന്ന് ആഭ്യന്തര മന്ത്രിക്ക് കൈമാറും

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവത്തിൽ റിപ്പോർട്ട് ഇന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറും. അന്വേഷണത്തിൽ ആഭ്യന്തര മന്ത്രി നേരിട്ട് തീരുമാനമെടുക്കും. ഇന്റലിജൻസ് മേധാവിയുടെ റിപ്പോർട്ടും മന്ത്രി പരിശോധിക്കും. റിപ്പോർട്ട് ലഭിച്ച് 14 ദിവസം പിന്നിട്ടിട്ടും ആഭ്യന്തര സെക്രട്ടറി തീരുമാനമെടുത്തിരുന്നില്ല. വിവാദങ്ങൾക്കിടെ ക്ഷേത്ര ഭരണസമിതിയുടെ യോഗം ഇന്ന് ചേരും. ഡിജിപിയുടെ റിപ്പോർട്ട് ചർച്ചയാക്കാനാണ് ഒരു വിഭാഗം പദ്ധതിയിടുന്നത്. ‘അടുപ്പക്കാർ’ സുരക്ഷ ലംഘിക്കുന്നതിൽ ഭരണസമിതി ഇടപെട്ടേക്കും.പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവത്തിൽ കൊട്ടാരത്തിലെ നിത്യസന്ദർശകർക്കെതിരെ ഡിജിപിയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷ ലംഘിക്കുന്നത് ‘അടുപ്പക്കാരാണ്’ എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സുരക്ഷ ലംഘിക്കുന്നത് കവടിയാർ കൊട്ടാരത്തിലെ നിത്യസന്ദർശകരാണെന്നും ഇവർ ആദിത്യവർമയുടെ അടുപ്പക്കാരാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഡിജിപിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഗണപതി വി അയ്യർ, രാജേഷ് കഴക്കൂട്ടം, ജിം അരുൺ, കോട്ടക്കൽ ഷൈജു, പദ്മേഷ് പരശുരാമൻ, അശോക് എന്നിവരുടെ പേരുകളാണ് റിപ്പോർട്ടിലുളളത്. ഇവർ സുരക്ഷാ സ്ക്രീനിംഗ് അടക്കം ലംഘിക്കുന്നുവെന്നും ക്ഷേത്രത്തിലേക്ക് കയറുന്നതും ഇറങ്ങുന്നതും പരിശോധനയില്ലാതെയാണെന്നും റിപ്പോർട്ടിലുണ്ട്. സ്ഥാനമാനങ്ങൾ നോക്കാതെ സുരക്ഷാ പരിശോധന വേണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുളള വജ്രവും സ്വർണവും മോഷണം പോയെന്നായിരുന്നു പൊലീസ് മേധാവിയുടെ റിപ്പോർട്ട്. സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. വജ്രം പതിച്ച ആഭരണമായ ‘വൈരനാമം’ ക്ഷേത്രത്തിൽ നിന്ന് കവർന്നു. ആറുമാസം മുൻപ് പോളിഷ് ചെയ്യാനായി കൊണ്ടുപോയി എന്നാണ് രേഖകളിലുളളത്. ഭക്തർ സംഭാവന നൽകിയ സ്വർണത്തിലും കുറവുളളതായി കണ്ടെത്തിയിട്ടുണ്ട്. സ്വർണവിളക്ക് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയി ആറുമാസം കഴിഞ്ഞിട്ടും തിരികെ കൊണ്ടുവന്നിട്ടില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top