കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിന് സ്വാഭാവിക ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്ത് 90 ദിവസം പൂർത്തിയായ സാഹചര്യത്തിലാണ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. കേസിൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങുന്ന പ്രതിയാണ് ശങ്കരദാസ്.കട്ടിളപ്പാളി കേസിലും ദ്വാരപാലകപാളി കേസുകളിലും പ്രതിയാണ് കെ പി ശങ്കരദാസ്. ജനുവരി 14നായിരുന്നു ശങ്കരദാസ് രണ്ട് കേസുകളിലും അറസ്റ്റിലായത്. എ പത്മകുമാർ അംഗമായിരുന്ന ബോർഡിൽ അംഗമായിരുന്നു ശങ്കരദാസ്.ജനുവരി 23-ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് സെല്ലിൽ നിന്നും ശങ്കരദാസിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. ഹൈക്കോടതിയുടെ നിർദേശത്തിന് പിന്നാലെയായിരുന്നു മാറ്റം. ശങ്കരദാസിന്റെ അസുഖത്തെ സംബന്ധിച്ച് മെഡിക്കൽ ബോർഡ് രൂപീകരിച്ച് പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.
ശങ്കരദാസിനെ ജയിലിൽ പാർപ്പിച്ച് ചികിത്സ തുടരാൻ കഴിയുമോ എന്ന് പരിശോധിക്കണമെന്നായിരുന്നു ഹൈക്കോടതി നിർദേശം. ഇതിന് പിന്നാലെയാണ് ശങ്കരദാസിനെ സെൻട്രൽ ജയിലിലേക്ക് മാറ്റിയതും അവിടെ ചികിത്സ തുടരാനും തീരുമാനമായതും.
ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിന് സ്വാഭാവിക ജാമ്യം


