ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി, നേട്ടത്തിനരികെ അനിൽ മേനോൻ; ചൊവാഴ്ച്ച യാത്ര തിരിക്കും

ന്യൂഡൽഹി ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി എന്ന നേട്ടത്തിനരികെ നാസ ശാസ്ത്രജ്‌ഞനായ ഡോ. അനിൽ മേനോൻ. ചൊവാഴ്ച്ച കസാക്കിസ്ഥാനിലെ ബൈക്കോനൂർ കോസ്മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് അനിൽ മേനോൻ കുതിക്കും. ഇന്ത്യൻ അമേരിക്കൻ ഫിസിഷ്യനും എൻജിനീയറും സൈനിക ഉദ്യോഗസ്ഥനുമാണ് അനിൽ മേനോൻ. ഏകദേശം 8 മാസത്തോളം ബഹിരാകാശത്ത് കഴിയും. രണ്ട് റഷ്യൻ ശാസ്ത്രജ്‌ഞരും ദൗത്യത്തിന്റെ ഭാഗമാകും.
പാതി മലയാളിയായ അനിൽ മേനോൻ ജനിച്ചതും വളർന്നതും അമേരിക്കയിലാണ്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് അനിലിന്റെ പിതാവ് ശങ്കരൻ മേനോൻ. ഹാർവാർഡിൽ നിന്ന് ന്യൂറോബയോളജിയിൽ ബിരുദം നേടിയ അനിൽ സ്‌റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് മെഡിക്കൽ ബിരുദവും മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. സ്പേസ് എക്സിന്റെ ആദ്യത്തെ ഫ്ലൈറ്റ് സർജനും മെഡിക്കൽ ഡയറക്ടറുമായിരുന്നു. യുഎസ് വ്യോമസേനയിൽ കേണൽ ആയിരുന്നു.2014ലാണ് അനിൽ മേനോൻ നാസയിൽ ഫ്ലൈറ്റ് സർജനായെത്തുന്നത്. എമർജൻസി മെഡിസിൻ വിഭാഗം ഡോക്ടറായ അദ്ദേഹം ബഹിരാകാശ ഗവേഷകരുടെ ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചിരുന്നത്. സ്പേസ് എക്സ‌് ജീവനക്കാരിയായ അന്നാ മേനോനാണ് ഭാര്യ. ബഹിരാകാശ ദൗത്യവുമായി ബന്ധപ്പെട്ട പരിശീലനങ്ങളുടെ അവസാന ഘട്ടത്തിലാണ് അനിൽ. ചാന്ദ്ര, ചൊവ്വ ഗവേഷണത്തിലാകും രാജ്യാന്തര ബഹിരാകാശ നിലയത്തിൽ അദ്ദേഹമടക്കമുള്ള സംഘം ഏർപ്പെടുക.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top