തളിപ്പറമ്പ്: കേരളം ശ്രദ്ധിച്ച വയൽക്കിളി സമരവുമായി ബന്ധപ്പെട്ട് പൊലീസെടുത്ത കേസിലെ മുഴുവൻ പ്രതികളെയും തളിപറമ്പ് മജിസ്ട്രേറ്റ് കോടതി വെറുതെവിട്ടു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കീഴാറ്റൂർ വയൽ നികത്തി ബൈപ്പാസ് നിർമ്മിക്കുന്നതിനെതിരെയായിരുന്നു ‘വയൽക്കിളികൾ, എന്ന പേരിൽ പ്രദേശത്തെ ജനങ്ങൾ സംഘടിച്ച് പ്രക്ഷോഭം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് 2018 മാർച്ച് 14ന് വയൽ അളന്ന് തിട്ടപ്പെടുത്താനെത്തിയ റവന്യു ഉദ്യോഗസ്ഥരെ തടയാൻ സമരക്കാർ വയലിൽ അണിനിരന്നിരുന്നു.കുപ്പിയിൽ നിറച്ച പെട്രോളുമായാണ് സമര നേതാവായ നമ്പ്രാടത്ത് ജാനകി ഉൾപ്പെടുന്ന സ്ത്രീകളടക്കം അണിനിരന്നത്. അന്നത് വലിയ വാർത്താപ്രാധാന്യം നേടിയ സംഭവമായിരുന്നു. മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് സമരനേതാവ് സുരേഷ് കീഴാറ്റൂർ, ഐക്യദാർഢ്യസമിതി കൺവീനർ നോബിൾ എം പൈകട, മനോഹരൻ ചുങ്കക്കാരൻ ഉൾപ്പെടെ 49 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. നിയമവിരുദ്ധമായ സംഘം ചേരൽ, ലഹളയുണ്ടാക്കാൻ ശ്രമിക്കൽ, ഉദ്യോഗസ്ഥരെ തടയൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
വയൽക്കിളി സമരം: മുഴുവൻ പ്രതികളെയും വെറുതെ വിട്ടു


