കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിൽ അടക്കം വിവിധ ഇടങ്ങളിൽ എൻഫോഴ്സസ്മെന്റ് ഡയറക്ട്രേറ്റ് പരിശോധന. പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലേയും വീട്ടിലും കൊച്ചിയിലെ സിഎംആർഎൽ ഓഫീസിലും വീണാ വിജയൻ്റെ ബെംഗളൂരുവിലെ ഓഫീസിലും മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടുളിയിലെ വീട്ടിലും സിഎംആർഎൽ എം ഡി ശശിധരൻ കർത്തയുടെ വീട്ടിലും അടക്കം പന്ത്രണ്ടിടങ്ങളിലാണ് ഇ ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. കേസിൽ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി. പിണറായി വിജയനും മകൾ വീണയും തിരുവനന്തപുരത്തെ വസതിയിലാണുള്ളത്. ഇ ഡി ഉദ്യോഗസ്ഥർ പിണറായിയുടെയും വീണയുടെയും മൊഴി ശേഖരിക്കുകയാണെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.നിയമപോരാട്ടത്തെ അധികാരം ഉപയോഗിച്ചും പണം ഉപയോഗിച്ചും തടസ്സപ്പെടുത്താൻ ആണ് പിണറായി വിജയൻ ശ്രമിച്ചതെന്ന് ഇ ഡി പരിശോധനയ്ക്കിടെ പരാതിക്കാരൻ ഷോൺ ജോർജ് പ്രതികരിച്ചു. കള്ളപ്പണ ഇടപാട് അന്വേഷിക്കേണ്ടത് ഇ ഡിയാണ്. പിണറായി വിജയനും മകളും ഈ കേസിൽ കുറ്റക്കാരാണ്. അവർ കേരളത്തെ വിറ്റു. അതുവഴി കോടിക്കണക്കിന് രൂപ സമ്പാദിച്ചു. അത് വിദേശത്തേക്ക് കടത്തി. അന്വേഷണം പൂർത്തിയാകുമ്പോൾ പിണറായി വിജയനും മകളും ജയിലിൽ പോകുന്നത് കേരള സമൂഹം കാണും എന്നും ഷോൺ ജോർജ് പറഞ്ഞു.
ഇതിനിടെ പിണറായി വിജയന് പിന്തുണയുമായി കെ യു ജനീഷ് കുമാർ രംഗത്തെത്തി. വളഞ്ഞിട്ട് ആക്രമിക്കാനാണ് ഭാവമെങ്കിൽ ജീവൻ കൊടുത്തും സംരക്ഷിക്കുമെന്ന് ജനീഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചു. വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം. വിശദാംശങ്ങൾ പരിശോധിച്ച ശേഷം പാർട്ടി ആലോചിച്ച് പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതികാര രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമാണ് ഇഡി നടപടിയെന്നും ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എം കെ മുരളി പ്രതികരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സിഎംആർഎൽ – എക്സാലോജിക് കരാറിൽ ഇ ഡിയുടെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി നിർദേശിച്ചത്. ഇ ഡി അന്വേഷണം തടയണം എന്നാവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. അന്വേഷണം തുടരാൻ അനുവദിക്കണമെന്ന ഇ ഡിയുടെ ആവശ്യം സിംഗിൾ ബെഞ്ച് അംഗീകരിച്ചു. പിണറായി വിജയൻ്റെ മകൾ വീണ തൈക്കണ്ടിയിലിന്റെ കമ്പനിക്ക് മാസപ്പടി നൽകിയെന്ന കേസിലാണ് ഇ ഡിയുടെ അന്വേഷണം. സിഎംആർഎലിൽ നിന്ന് എക്സാലോജിക് സൊല്യൂഷൻസ് സേവനം നൽകാതെ ഒരു കോടി 72 ലക്ഷം രൂപ കൈപ്പറ്റിയെന്ന ആക്ഷേപമാണ് ഇ ഡി അന്വേഷിക്കുന്നത്. സാമ്പത്തിക ഇടപാട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൻ്റെ പരിധിയിൽ വരും എന്നാണ് ഇഡിയുടെ വാദം.
CMRL-എക്സാലോജിക് കേസ്; പിണറായി വിജയന്റെ വീട്ടിൽ അടക്കം 12 ഇടങ്ങളിൽ ഇഡി റെയ്ഡ്


