കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൽ കോടിക്കണക്കിന് രൂപയുടെ മരുന്നുകൾ കൂടിക്കിടന്ന് നശിക്കുന്നു. മെഡിക്കൽ കോളേജിലെ ഏഴാമത്തേയും എട്ടാമത്തേയും നിലകളിലാണ് മരുന്നുകളുടെ കൂമ്പാരം സൂക്ഷിച്ചിരിക്കുന്നത്. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിനകത്തെ അനാസ്ഥയുടെ ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്.ആശുപത്രിയിലെ രണ്ട് നിലകളിലായി നടക്കാൻ പോലും കഴിയാത്ത വിധത്തിലാണ് മരുന്നുകൾ കൂട്ടിയിട്ടിരിക്കുന്നത്. മെഡിക്കൽ കോളേജിലെ ഇ എൻ ടി, നേത്രം, ന്യൂറോ മെഡിസിൻ, ന്യൂറോ സർജറി, കാൻസർ വാർഡുകൾ തുടങ്ങിയവയ്ക്ക് മുന്നിലും മറ്റ് വൃത്തിഹീനമായ സ്ഥലത്തും മരുന്നുകൾ സൂക്ഷിച്ചിരിക്കുന്ന നിലയിലാണ്. ഇഞ്ചക്ഷനും നെബുലൈസർ സൊല്യൂഷനും പാരസെറ്റമോളും ഉൾപ്പടെ പിപിഇ കിറ്റുകൾ വരെയുള്ള മരുന്നുകളാണ് വലിയ ബോക്സുകളിൽ കൂമ്പാരമായി സൂക്ഷിച്ചിരിക്കുന്നത്. കെ എം എസ് സി എൽ നൽകിയ കോടികൾ വില വരുന്ന മരുന്നുകളാണ് കെട്ടിക്കിടന്ന് നശിക്കുന്നത്.കാലാവധി കഴിഞ്ഞതും കഴിയാത്തതും ഉൾപ്പടെ മരുന്നുകളുടെ കൂമ്പാരമാണ് ആശുപത്രിയിലെ രണ്ട് നിലകളിലായി കൂട്ടിയിട്ടിരിക്കുന്നത്. ഇവയിൽ പല മരുന്നുകളും വർഷങ്ങളായി കാലാവധി കഴിഞ്ഞവയാണ്. അത്തരത്തിലുള്ള മരുന്നുകൾ നീക്കം ചെയ്യുന്നതിനു വേണ്ടി ആശുപത്രി അധികൃതർ തയ്യാറായിട്ടില്ല. വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി ലഭിച്ചിരുന്നുവെന്നാണ് വിവരം. എന്നാൽ ഇതുമായി ബന്ധപ്പെട്ട് അധികൃതർ ഇതുവരേയും നടപടി സ്വീകരിച്ചിട്ടില്ല.
കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ കോടികളുടെ അനാസ്ഥ;മരുന്നുകൾ സൂക്ഷിക്കുന്നത് വൃത്തിഹീനമായ സ്ഥലത്ത്, ഗുരുതര വീഴ്ച


