വർഗീയ അധിക്ഷേപം; അൻസിബയുടെ പരാതിയിൽ ടിനി ടോമിനെതിരെ കേസെടുക്കാൻ നിർദേശം

കൊച്ചി: വർഗീയ അധിക്ഷേപം നടത്തിയെന്ന നടി അൻസിബയുടെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ നിർദേശം. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. അൻസിബയുടെ പരാതിയിൽ കേസെടുക്കാനാവില്ലെന്ന പൊലീസ് റിപ്പോർട്ടിന് പിന്നാലെയാണ് നടി കോടതിയെ സമീപിച്ചത്.അതേസമയം കോടതി നിർദേശപ്രകാരം കേസെടുത്താലും നേരത്തെ റിപ്പോർട്ട് സമർപ്പിച്ച അതേ പൊലീസ് തന്നെയാണ് വീണ്ടും കേസ് അന്വേഷിക്കുകയെന്ന ആശങ്ക അൻസിബയുടെ അഭിഭാഷകൻ പങ്കുവെച്ചു. പൊലീസ് കുറ്റപത്രം സമർപ്പിക്കുമ്പോഴും ടിനിടോമിനെ സഹായിക്കാം. എന്നാൽ അതുകൊണ്ടൊന്നും കേസ് അവസാനിക്കാൻ പോകുന്നില്ല. അവസാനം വരെ പോരാടുമെന്നാണ് അൻസിബ പറഞ്ഞതെന്നും അഭിഭാഷകൻ ഫിർദൗസ്  പറഞ്ഞു.’ടിനിടോമിനെ കണ്ണടച്ചു സഹായിക്കുന്ന റിപ്പോർട്ട് ആണ് പൊലീസ് സമർപ്പിച്ചിരിക്കുന്നത്. വായിച്ചാൽ ഞെട്ടിപ്പോകും. നീനാകുറുപ്പ് അത്തരമൊരു മൊഴി കൊടുത്തിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ കേട്ടകാര്യങ്ങൾ പരസ്യമായി പറയാൻ തയ്യാറാണെന്ന് നീനക്കുറുപ്പ് തന്നെ പലതവണ പറഞ്ഞിട്ടുണ്ട്’, അഭിഭാഷകൻ പറഞ്ഞു.
മറ്റൊരാൾ പറഞ്ഞുകേട്ടതിൻ്റെ അടിസ്ഥാനത്തിൽ കേസെടുക്കാനാവില്ലെന്നായിരുന്നു കടവന്ത്ര പൊലീസ് എറണാകുളം എസ്പിക്ക് സമർപ്പിച്ച റിപ്പോർട്ടിലുണ്ടായിരുന്നത്. ജൂൺ ഒന്നിനാണ് അൻസിബ ടിനിക്കെതിരെ പൊലീസിൽ പരാതി നൽകിയത്. ടിനി ടോം തനിക്കെതിരെ തുടർച്ചയായി അപവാദ പ്രചാരണം നടത്തിയെന്നായിരുന്നു നടിയുടെ പരാതി. ടിനി ടോമിന്റെ ഡ്രൈവറെ താൻ മതം മാറ്റാൻ ശ്രമിച്ചു എന്നതുൾപ്പെടെ വ്യാജ പ്രചരണങ്ങൾ നടത്തിയെന്നും തന്നെയും കുടുംബത്തെയും വേട്ടയാടാൻ ശ്രമിച്ചുവെന്നും അൻസിബ ആരോപിച്ചിരുന്നു. താൻ കടുത്ത മാനസിക പീഡനത്തിന് ഇരയായെന്നും ടിനി ടോമിൻ്റേത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അൻസിബ പരാതിയിൽ ആരോപിച്ചിരുന്നു. മാധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു പൊലീസിൽ പരാതി നൽകിയത്.ഇതിന് പിന്നാലെ അൻസിബയുടെ ആരോപണം നിഷേധിച്ച് ടിനി ടോം രംഗത്തെത്തുകയും ചെയ്‌തിരുന്നു. സ്റ്റേജ് ഷോകൾ നടക്കുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും ബഹളവും ചീത്തവിളിയും ഉണ്ടാകുമെന്നും അതല്ലാതെ ഒരു അംഗത്തിനും മോശം മെസേജോ പ്രവർത്തനങ്ങളോ തൻ്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നുമാണ് ടിനി ടോം പറഞ്ഞത്. ജിഹാദിയെന്ന് താൻ വിളിച്ചിട്ടില്ലെന്നും ടിനി ടോം പറഞ്ഞു. തുടർന്ന് ടിനി ടോമിനെ പിന്തുണച്ചും എതിർത്തും അമ്മ സംഘടനയിലെ അംഗങ്ങൾ രംഗത്തെത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top