കൂത്താട്ടുകുളം: കെ.എസ്.ആർ.ടി.സി ബസിൽ ടിക്കറ്റിന് 100 രൂപയുടെ കീറിയ നോട്ട് നൽകിയ യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് മർദ്ദിച്ചതായി പരാതി. തൃശൂർ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിൽ കഴിഞ്ഞദിവസമാണ് സംഭവം. കോട്ടയത്തേക്ക് പോയ ബസ് കൂത്താട്ടുകുളത്ത് എത്തിയപ്പോൾ നിർത്തി യാത്രക്കാരനെ മർദ്ദിച്ചെന്നാണ് പരാതി. ഇതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. യാത്രക്കാരൻ്റെ മുഖത്ത് ഡ്രൈവർ പലതവണ അടിക്കുന്നതും ചില യാത്രക്കാർ മർദ്ദനത്തിൽ ഉൾപ്പെട്ടതും ദൃശ്യങ്ങളിലുണ്ട്.
മൂവാറ്റുപുഴയിൽ നിന്ന് കോട്ടയത്തേക്ക് യാത്ര ചെയ്തിരുന്ന ആൾ ടിക്കറ്റിന് നൽകിയ 100 രൂപ നോട്ട് അൽപം കീറിയിരുന്നതായി പറയുന്നു. നോട്ട് മാറ്റി നൽകാൻ കണ്ടക്ടർ ആവശ്യപ്പെട്ടിട്ടും യാത്രക്കാരൻ അതിന് തയ്യാറാകാതിരുന്നതിനെ തുടർന്ന് ബസിൽ നിന്ന് ഇറങ്ങാൻ കണ്ടക്ടർ ആവശ്യപ്പെട്ടു. യാത്രക്കാരൻ അതിനും തയ്യാറാകാതായതോടെയാണ് ബസ് നിർത്തിയശേഷം ഡ്രൈവറും കണ്ടക്ടറും ചേർന്ന് തന്നെ മർദിച്ചതെന്ന് യാത്രക്കാരൻ ആരോപിച്ചു. സംഭവം വിവാദമായതോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ടിക്കറ്റിന് കീറിയ 100 രൂപയുടെ നോട്ട് നൽകിയ യാത്രക്കാരനെ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറും കണ്ടക്ടറും ചേർന്ന് മർദ്ദിച്ചെന്ന് പരാതി


