കണ്ണൂർ: പിലാത്തറയിൽ ആക്രമിക്കപ്പെട്ട കാർ സുഹൃത്തിന് കൈമാറിയതാണെന്ന് വാഹന ഉടമ അശ്വന്ത് യശ്വന്ത് . നാട്ടിൽ നിന്ന് വരാൻ മഹാരാഷ്ട്ര സ്വദേശിയായ സുഹൃത്തിൻ്റെ കുടുംബത്തിനാണ് വാഹനം കൊടുത്തത്. വാഹനം കൊണ്ടുപോയ ആൾ വീട്ടിലുണ്ടെന്നും ഉടമ പറഞ്ഞു. ഇന്ന് രാവിലെയാണ് കണ്ണൂർ പിലാത്തറയിൽ ദുരൂഹസാഹചര്യത്തിൽ കാർ കണ്ടെത്തിയത്. ബോണറ്റും ഡോറും തുറന്ന നിലയിലുള്ള കാറിൽ രക്തക്കറയും കണ്ടെത്തിയിരുന്നു.പിലാത്തറ കോ. ഓപ്പറേറ്റീവ് കോളേജിന് സമീപത്താണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തിയത്. കാറിനകത്തുണ്ടായിരുന്ന വസ്ത്രങ്ങൾ വലിച്ചെറിഞ്ഞ നിലയിലായിരുന്നു. കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സംഭവം ആദ്യം ശ്രദ്ധിക്കുന്നത്. ഉടൻ തന്നെ വിവരം പരിയാരം പൊലീസിൽ അറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കാറിൽ യാത്ര ചെയ്‌തിരുന്നവർക്ക് എന്ത് സംഭവിച്ചു എന്നതിൽ വ്യക്തത വന്നിട്ടില്ല. സ്വർണപ്പണ ഇടപാടോ കുഴൽപ്പണ ഇടപാടോ സംശയിക്കുകയാണ് പൊലീസ്.
പിലാത്തറയിൽ ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയ സംഭവം; വാഹനം സുഹൃത്തിന് കൈമാറിയിരുന്നെന്ന് ഉടമ


