തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കിയ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടേക്കും. മുഖ്യമന്ത്രിയെ നേരിട്ടു കാണാനുള്ള അവസരം ഒരുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി നിധിന്റെ കുടുംബത്തെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് എത്തുന്നത് അനുസരിച്ച് കുടുംബത്തിന് അദ്ദേഹത്തെ നേരിട്ട് കാണാൻ കഴിയുമെന്നാണ് വിവരം. ഇന്ന് മുഖ്യമന്ത്രി തലസ്ഥാനത്ത് എത്തുകയാണെങ്കിൽ കുടുംബം അദ്ദേഹത്തെ നേരിട്ട് കാണാൻ സാധ്യതയുണ്ടെന്നാണ് വിവരം.
പൊലീസ് അന്വേഷണത്തിൽ നീതി കിട്ടുമെന്ന വിശ്വാസമില്ലാത്തതിനാൽ കോടതിയെ സമീപിക്കുമെന്നാണ് കുടുംബം പറയുന്നത്. അതേസമയം അധ്യാപകരുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും. സഹപാഠികളുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും.നിതിൻ രാജിന്റെ മരണം ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. എന്നാൽ മകൻ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം അവകാശപ്പെടുന്നത്. അവസാനമായി നിധിനെ ഫോണിൽ ബന്ധപ്പെടുമ്പോഴും അത്തരത്തിൽ എന്തെങ്കിലും പ്രശ്‌നമുള്ളതായി പറഞ്ഞിരുന്നില്ലെന്നും ഗുരുതരമായ ജാതി അധിക്ഷേപത്തിന് മകൻ ഇരയായെന്നും കുടുംബം പറയുന്നു.അതേസമയം ആരോപണ വിധേയർക്ക് എതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. എസ്എഫ്ഐ, എംഎസ്എഫ്, ഡിവൈഎഫ്ഐ തുടങ്ങിയ സംഘടനകൾ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കോളേജിൻ്റെ മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് സംഘടനകളുടെ തീരുമാനം. വകുപ്പ് മേധാവി എം കെ റാം, അസോ. പ്രൊഫസർ സംഗീത എന്നിവരെ പിരിച്ചുവിടണമെന്നതാണ് പ്രധാന ആവശ്യം. നിലവിൽ ആത്മഹത്യാ പ്രേരണ കുറ്റമാണ് അധ്യാപകർക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രത്യേകം രൂപീകരിച്ച അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ലോൺ ആപ്പുമായി ബന്ധപ്പെട്ട അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്.
കണ്ണൂരിലെ ബിഡിഎസ് വിദ്യാർത്ഥിയുടെ മരണം; കുടുംബം മുഖ്യമന്ത്രിയെ കണ്ടേക്കും


