തളിപ്പറമ്പ്: ഓട്ടോ ഡ്രൈവറായ യുവാവിനെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണുമരിച്ച നിലയിൽ കണ്ടെത്തി. ആലക്കോട്,കരുവൻചാൽ ടൗണിലെ ഓട്ടോഡ്രൈവർ കൂളാമ്പി റോഡിന് സമീപത്തെ പുളിയൻപറമ്പിൽ പി.ജി.രാജേഷ് (43) ആണ് മരിച്ചത്. ഇന്ന് (ബുധൻ) പുലർച്ചെ നാലരയോടെയാണ് സംഭവം. രാജേഷിൻ്റെ വീട്ടുമുറ്റം ചേർന്നാണ് കിണർ സ്ഥിതി ചെയ്യുന്നത്. മരച്ചില്ലകളും ഇലകളും വീണതിനെത്തുടർന്ന് കിണർ ഇന്ന് വൃത്തിയാക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കിണറ്റിലെ വെള്ളം വറ്റിക്കുന്നതിനായി രാജേഷ് പുലർച്ചെ എഴുന്നേറ്റ് മോട്ടോർ ഓൺ ചെയ്‌തിരുന്നു. തുടർന്ന് വെള്ളം വറ്റിയോ എന്നറിയുന്നതിനായി കിണറിൻ്റെ വക്കത്ത് എത്തി നോക്കുന്നതിനിടെ അബദ്ധത്തിൽ കാൽതെറ്റി താഴേക്ക് വീഴുകയായിരുന്നുവെന്നു സംശയിക്കുന്നു. പന്ത്രണ്ട് കോൽ താഴ്‌ചയുള്ളതാണ് കിണർ. വീട്ടുകാരുടെ നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തി പൊലീസിനെ വിവരമറിയിച്ചു. എസ്.ഐ: എൻ.ജെ.ജോസിന്റെ നേതൃത്വത്തിൽ ആലക്കോട് പൊലീസ് ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. തുടർന്ന് സീനിയർ ഫയർ ഓഫീസർ സി.എം.പ്രവീണിൻ്റെ നേതൃത്വത്തിൽ തളിപ്പറമ്പിൽ നിന്ന് ഫയർഫോഴ്‌സും സ്ഥലത്തെത്തി. രാജേഷിനെ കിണറ്റിൽ നിന്ന് പുറത്തെടുത്തുവെങ്കിലും ജീവൻരക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡി. കോളേജിലേക്ക് മാറ്റി. രാജേഷ് നേരത്തെ കരുവൻചാൽ കള്ള്ഷാപ്പിൽ ചെത്ത് തൊഴിലാളിയായും ജോലി ചെയ്‌തിരുന്നു. ഭാര്യ: പി.ബി.ജീബ (രയരോം). മക്കൾ: വൈഗ, മോഹിത് (ഇരുവരും വിദ്യാർത്ഥികൾ). പരേതരായ ഗോപാലൻ്റെയും കനകമ്മയുടെയും മകനാണ്. സഹോദരൻ: രൂപേഷ് (ഗൾഫ്).
ഓട്ടോഡ്രൈവർ കിണറ്റിൽവീണു മരിച്ചു


