തിരുവനന്തപുരം: വേനൽക്കാലത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകി. ശുദ്ധമല്ലാത്ത വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. പൊതുസ്ഥലങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാരം ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യണം.ജല സ്രോതസുകൾ വൃത്തിയായി സൂക്ഷിക്കണം. ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം കിണറുകളും ടാങ്കുകളും ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം. നീന്തൽക്കുളങ്ങൾ ക്ലോറിനേറ്റ് ചെയ്യണം. ആരോഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മസ്‌തിഷ്‌കജ്വരം ബാധിക്കുന്നവർക്ക് അമീബിക്ക് മസ്തിഷ്കജ്വരം കണ്ടെത്താനുള്ള പരിശോധനകൾ കൂടി നടത്താൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. മസ്തിഷ്കജ്വരത്തിൻ്റെ രോഗലക്ഷണങ്ങൾ കാണുന്നവർ എത്രയും വേഗം ചികിത്സ തേടണമെന്നും മന്ത്രി വ്യക്തമാക്കി.വെള്ളത്തിൽ കാണുന്ന സൂക്ഷ്‌മജീവികളായ അക്കാന്തമീബ, നെഗ്ലേറിയ ഫൗളേറി എന്നിവ മൂലമാണ് അമീബിക് മസ്‌തിഷ്‌കജ്വരം ഉണ്ടാകുന്നത്. ചൂടേറിയ തടാകങ്ങൾ, കുളങ്ങൾ, മലിനമായ നീന്തൽക്കുളങ്ങൾ എന്നിവയിൽ ഇത് കണ്ടുവരാൻ സാധ്യതയുണ്ട്. ഈ അമീബ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിച്ച് മസ്‌തിഷ്കത്തെ ബാധിക്കുന്നു. രോഗപ്രതിരോധശേഷി കുറഞ്ഞ ആൾക്കാർക്ക് ദേഹത്തുള്ള മുറിവുകളിലൂടെയും അക്കാന്തമീബ നാഡീ വ്യൂഹത്തെയും മസ്തിഷ്ക്കത്തെയും ബാധിക്കുവാനുള്ള സാധ്യതയുണ്ട്. അതിനാൽ പ്രതിരോധശേഷി കുറഞ്ഞ ആൾക്കാർ ശുദ്ധമായ ജലത്തിൽ മാത്രമേ കൈയിലും കാലുകളിലുമുള്ള വ്രണങ്ങൾ വൃത്തിയാക്കാൻ പാടുള്ളൂ.
അമീബിക് മസ്‌തിഷ്കജ്വരം ചികിത്സയ്ക്കും പ്രതിരോധത്തിനും കേരളം ശക്തമായ പ്രവർത്തനങ്ങളാണ് നടത്തിയതെന്നും മന്ത്രി പറഞ്ഞു. ആദ്യം തന്നെ രോഗം കണ്ടെത്തി വിദഗ്‌ധ ചികിത്സ ഉറപ്പാക്കാനുള്ള ഇടപെടലുകൾ ഫലപ്രദമായി നടപ്പിലാക്കിയിട്ടുണ്ട്. ആഗോളതലത്തിൽ നെല്ലേറിയ ഫൗളേറി കൊണ്ടുള്ള മസ്തിഷ്കജ്വര മരണനിരക്ക് 99 ശതമാനവും അക്കാന്തമീബ കൊണ്ടുള്ള മസ്തിഷ്കജ്വര മരണനിരക്ക് 70 ശതമാനം മുതൽ 90 ശതമാനം വരെയുമാണ്. മികച്ച പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ മരണ നിരക്ക് 24 ശതമാനമായി കുറയ്ക്കാൻ സാധിച്ചു. രാജ്യത്തെ തന്നെ വിദഗ്ധരെ പങ്കെടുപ്പിച്ച് ശിൽപശാല നടത്തി ആദ്യമായി അമീബിക്ക് മസ്തിഷ്കജ്വരത്തിനായി പ്രത്യേകം പ്രോട്ടോകോൾ പുറപ്പെടുവിച്ചു. ഐസിഎംആറുമായി സഹകരിച്ച് പഠനം നടത്തി. ഈ പ്രവർത്തനങ്ങളിലൂടെ നേരത്തെ രോഗം കണ്ടെത്താനും അനേകം പേരെ ചികിത്സിച്ച് ഭേദമാക്കാനും സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വേനലിലും വരും അമീബിക് മസ്‌തിഷ്‌കജ്വരം, സാധ്യത കൂടുതൽ, ജാഗ്രത പാലിക്കണം- ആരോഗ്യമന്ത്രി


