ബദിയഡുക്ക സ്വദേശിയെ ട്രയിൻ യാത്രയ്ക്കിടയിൽ തൃശൂരിൽ പുഴയിൽ വീണു കാണാതായി

കാസർകോട്/തൃശൂർ: കാസർകോട്, ബദിയഡുക്ക സ്വദേശിയെ ട്രയിൻ യാത്രയ്ക്കിടയിൽ പുഴയിൽ വീണു കാണാതായി. ബദിയഡുക്ക പെട്രോൾ പമ്പിനു സമീപത്തെ പരേതനായ രവീന്ദ്ര ഷേണായിയുടെ മകൻ അച്യുതാനന്ദ ഷേണായി (40) ആണ് തൃശൂർ, ചാലക്കുടി പുഴയിൽ വീണത്. ഇദ്ദേഹത്തെ കണ്ടെത്താൻ പൊലീസും ഫയർഫോഴ്സും തെരച്ചിൽ തുടരുന്നു. വിവരമറിഞ്ഞ് ബന്ധുക്കൾ തൃശൂരിലേയ്ക്ക് പോയിട്ടുണ്ട്.
വ്യാഴാഴ്‌ച രാവിലെ 10.45 മണിയോടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്നു തൃശൂരിലേയ്ക്ക് പോവുകയായിരുന്ന വേണാട് എക്സസ്പ്രസിലെ യാത്രക്കാരനായിരുന്നു അച്യുതാനന്ദ ഷേണായി. അങ്കമാലി, കരയാം പറമ്പിലെ ഇന്ത്യൻ മൾട്ടിപ്പിൾ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ബ്രാഞ്ചിൽ സെക്ഷൻ ഓഫീസറാണ് ഇദ്ദേഹം. വ്യാഴാഴ്ച്‌ച രാവിലെ ഓഫീസിലെത്തിയ അദ്ദേഹം പുറത്തേയ്ക്ക് പോയതായിരുന്നുവെന്നു പറയുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ അച്യുതാനന്ദ ഷേണായിയുടെ മൊബൈൽ ഫോണിലേയ്ക്ക് വിളിച്ചു. ഫോണെടുത്തത് വേണാട് എക്‌സ്പ്രസിലെ യാത്രക്കാരനായ ഒരാളായിരുന്നു. അച്യുതാനന്ദ ഷേണായി ഫോൺ സീറ്റിൽ വച്ച് വാതിലിനരികിലേയ്ക്ക് പോയതായും പിന്നീട് കാണാതാവുകയായിരുന്നുവെന്നുമാണ് ഫോൺ എടുത്തയാൾ മറുപടി നൽകിയത്.
അതേസമയം റെയിൽവെ ട്രാക്കിൽ ജോലി ചെയ്‌തിരുന്ന തൊഴിലാളികൾ ട്രെയിനിൽ നിന്നു ഒരാൾ പുഴയിലേയ്ക്ക് വീഴുന്നതു കണ്ടിരുന്നുവെന്നു പറയുന്നു. ഇക്കാര്യം തൊഴിലാളികൾ ഉടൻ പൊലീസിനെ അറിയിച്ചു. തുടർന്ന് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി. സ്‌കൂബ ടീം ഡിങ്കി ബോട്ട് ഉപയോഗിച്ച് രാത്രി വൈകുംവരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെള്ളിയാഴ്‌ച രാവിലെ തെരച്ചിൽ പുനഃരാരംഭിച്ചു.
രമാഷേണായ് ആണ് അച്യുതാനന്ദ ഷേണായിയുടെ മാതാവ്. ഭാര്യ: അനുഷ്‌ക. സഹോദരി: ഗായത്രി. മാതാവും ഭാര്യയും അച്യുതാനന്ദ ഷേണായിക്കൊപ്പം തൃശൂരിലാണ് താമസം. നീർച്ചാലിൽ പുതുതായി പണിത വീട് അടച്ചിട്ട നിലയിലാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top