മഴക്കെടുതി: സംസ്ഥാനത്ത് സ്ഥിതിഗതികൾ നിയന്ത്രണ വിധേയം; തെറ്റായ വാർത്തകൾ പ്രചരിക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: മഴക്കെടുതിയിൽ സംസ്ഥാനത്ത് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അടിയന്തരയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനത്തിനായി രണ്ട് ഹെലികോപ്റ്റർ എത്തിയെന്നും എൻഡിആർഎഫ്, പൊലീസ്, ഫയർഫോഴ്‌സ് സേനകളുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
‘316 ദുരിതാശ്വാസക്യാമ്പുകൾ നിലവിലുണ്ട്. 11018 പേർ ക്യാമ്പുകളിൽ കഴിയുന്നു. ആവശ്യമായ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഇതുവരെ 15 മരണമാണുണ്ടായത്. ഏഴ് പേരെ കാണാതായി. 30ന് തന്നെ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. 165 ഹെക്ടർ കൃഷി നശിച്ചെന്നാണ് പ്രാഥമിക റിപ്പോർട്ട്. വ്യാപകമായി വ്യാജ പ്രചാരണം നടക്കുന്നുണ്ട്. പ്രധാന അണക്കെട്ടുകളിൽ ജലനിരപ്പ് താഴെയാണ്. ആശങ്ക വേണ്ട. അടിസ്ഥാനരഹിതമായ വാർത്ത ചിലർ നൽകി. അണക്കെട്ടുകളിൽ നിന്ന് വെള്ളം ഒഴുക്കിവിടുന്നു എന്നത് തെറ്റായ വാർത്തയാണ്. അതിന് എതിരെ നടപടി സ്വീകരിക്കും’, മുഖ്യമന്ത്രി പറഞ്ഞു.രാത്രി വെള്ളം തുറന്നു വിടുന്നുണ്ടോ എന്ന് നേരിട്ട് വിലയിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കടലാക്രമണ സാധ്യതയുള്ള സ്ഥലം പ്രത്യേകമായി ശ്രദ്ധിക്കാൻ നടപടി സ്വീകരിച്ചു. കടലാക്രമണം ശ്രദ്ധിക്കും. മരിച്ചവരുടെ സംസ്കാര ചടങ്ങുകൾക്കായി 10,000 രൂപ നൽകും. വീടുകളിൽ വെള്ളം കയറിയവർക്ക് 10,000 രൂപ അടിയന്തര സഹായം നൽകും. ജീവനോപാധി നഷ്‌പ്പെട്ടവർക്ക് പ്രതിസന്ധി തീരുന്നത് വരെ 300 രൂപ വീതം പ്രതിദിനം ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.
മരിച്ചവരുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ ധനസഹായം നൽകും. മണ്ണിടിച്ചിലിൽ വീട് പൂർണമായും നഷ്‌ടമായവർക്ക് 12 ലക്ഷം രൂപ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഭൂമി വാങ്ങി വീട് വെക്കാൻ 10 ലക്ഷം ആയിരുന്നത് 12 ലക്ഷം ആക്കി. കൃഷി നാശത്തിന് വളരെ കുറഞ്ഞ തുക ആണ് കൊടുക്കുന്നതെന്നും ഇത് വർദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എത്ര വർധിപ്പിക്കും എന്നത് മന്ത്രിസഭ യോഗത്തിന് ശേഷം തീരുമാനിക്കും. വലിയ ഡാമുകളിൽ പ്രശ്‌നം ഇല്ല. ഉണ്ടായത് മിന്നൽ പ്രളയം പോലെയുള്ള അപകടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.’വനത്തിന് അകത്ത് മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. സാധാരണ മഴ കാരണം അല്ല നിലവിലെ സാഹചര്യമുണ്ടായത്. അതി തീവ്ര മഴയാണ് ലഭിച്ചത്. എൽനിനോ പ്രതിഭാസത്തിൻ്റെ കൂടി ഭാഗമാണ് നിലവിലെ സ്ഥിതി. ജൂലൈ 31നു തന്നെ മുന്നറിയിപ്പ് കിട്ടി. കൃത്യമായ മുന്നൊരുക്കം ചെയ്യുകയും ചെയ്‌തു. പ്രീ മൺസൂൺ യോഗം ചേർന്ന് ക്യാമ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. മുന്നറിയിപ്പിന് അനുസരിച്ച് എല്ലാ കാര്യങ്ങളും ചെയ്‌തിട്ടുണ്ട്. അർധരാത്രി വൈകിയാണ് ചില അറിയിപ്പുകൾ വരുന്നത്. അതിതീവ്ര മഴ എവിടെയാണ് എന്ന് അറിഞ്ഞാൽ മാത്രമേ ആളുകളെ മാറ്റാൻ കഴിയുകയുള്ളു’, അദ്ദേഹം പറഞ്ഞു.
മുന്നറിയിപ്പ് കൃത്യമായി അറിയാൻ അടക്കമുള്ള മെച്ചപ്പെട്ട സംവിധാനം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മുന്നറിയിപ്പ് നൽകാനുള്ള അലേർട്ടുകൾ ലഭിക്കാത്ത സാഹചര്യം ഉണ്ടായി. ഒരു തരത്തിലും വീഴ്ച സംഭവിച്ചിട്ടില്ല. ഒരു ക്യാമ്പിൽ പോലും പ്രശ്‌നം ഉണ്ടായിട്ടില്ല. ആറന്മുളയിൽ സംഭവിച്ചത് പാർട്ടി ഇടപെട്ട് പറയിപ്പിച്ചതാണ്. ദുരന്തമുഖത്ത് കുത്തിത്തിരിപ്പ് ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top