മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസം കേരളത്തിൽ വ്യാപകമായി മഴ തുടരുമെന്നാണ് പ്രവചനം. ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്.
അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ പെയ്യുമെന്നാണ് അറിയിപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും പഞ്ചിമ ബംഗാൾ-വടക്കൻ ഒഡീഷ തീരങ്ങൾക്കും മുകളിൽ സ്ഥിതി ചെയ്‌തിരുന്ന തീവ്ര ന്യൂനമർദ്ദം അതിതീവ്രന്യൂനമർദ്ദമായി മാറിയിരിക്കുകയാണ്. കിഴക്കൻ അറബിക്കടലിനും സമീപ കൊങ്കൺ തീരത്തിനും മുകളിലായി ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നു. ഇതിനാൽ ജൂലൈ 31 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളിൽ നാളെ പുലർച്ചെ 5.30 വരെ 1.0 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top