തിരുവനന്തപുരം: രാജ്യത്തിൻ്റെ പ്രതിരോധ രേഖകൾ ചോർന്നതിൽ വിവരങ്ങൾ ശേഖരിച്ച് രഹസ്യാന്വേഷണ വിഭാഗം. രേഖകളുടെ വിശ്വാസ്യതയാണ് പരിശോധിക്കുന്നത്. കൂടുതൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തും എന്നാണ് വിവരം. ഡിആർഡിഒ രഹസ്യ രേഖകളാണ് ഡാർക്ക് വെബ്ബിൽ പ്രത്യക്ഷപ്പെട്ടത്. ഈ രേഖകൾ 8,000 ഡോളറിനാണ് വിൽപ്പനയ്ക്ക് വെച്ചത്. തിരുവന്തപുരത്തെ ഒരു സ്വകാര്യ സൈബർ വിദഗ്ധ സംഘമാണ് ഇത് ആദ്യം കണ്ടെത്തുന്നത്.
ഇന്നലെയാണ് രാജ്യത്തിൻ്റെ പ്രതിരോധ രഹസ്യങ്ങൾ ചോർന്നതായി സംശയം ഉയർന്നത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെൻ്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) രേഖകൾ ഡാർക്ക് വെബ്ബിൽ വിൽപ്പനയ്ക്ക് വെച്ചതായായിരുന്നു വിവരം. 31 ജിബി രേഖകളാണ് വിൽപ്പനയ്ക്ക് വെച്ചിരുന്നത്. ഡിആർഡിഒ രേഖകളിൽ മിസൈൽ രൂപരേഖകളുമുണ്ട്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആലിബൈ സൈബർ ഫോറൻസിക് എന്ന സ്ഥാപനം ആണ് തങ്ങളുടെ ഡാർക്ക് വെബ് മോണിറ്ററിങ്ങിനിടയിൽ ഈ രേഖ കണ്ടെത്തിയത്. പ്രതിരോധ മേഖലയിലെ രഹസ്യ രേഖകൾ അടക്കം വിൽപനയ്ക്ക് വെച്ചതായുള്ള ഗുരുതര കണ്ടെത്തലാണ് കമ്പനി നടത്തിയിട്ടുള്ളത്.പത്ത് ദിവസം മുമ്പാണ് രേഖകൾ വിൽപ്പനയ്ക്ക് വെച്ചതെന്നാണ് വിവരം. മിസൈൽ സംവിധാനങ്ങളുടെ രേഖകളും വിൽപ്പനയ്ക്കുണ്ട്. സാമ്പിൾ രേഖകളിൽ ശാസ്ത്രജ്ഞരുടെ ഒപ്പുകളുണ്ടെന്നും വിവരമുണ്ട്. അതേസമയം, രേഖകളുടെ ആധികാരികത സംബന്ധിച്ച് സർക്കാർ വൃത്തങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തിൽ അടിയന്തര ഡിജിറ്റൽ ഫോറൻസിക് പരിശോധന വേണമെന്നാണ് സൈബർ വിദഗ്ധർ പറയുന്നത്.
ഡിആർഡിഒ രേഖകൾ ഡാർക്ക് വെബിൽ പ്രത്യക്ഷപ്പെട്ട സംഭവം; വിവരങ്ങൾ ശേഖരിച്ച് രഹസ്യാന്വേഷണ വിഭാഗം


