. ഉച്ചഭക്ഷണ പദ്ധതിയുടെ തുക കൃത്യമായി സർക്കാർ നൽകുന്നില്ല
. പാചകത്തൊഴിലാളികൾക്കുള്ള വേതനവും മുടങ്ങി
കൊല്ലം സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ തുക സമയബന്ധിതമായി
നൽകിയില്ലെങ്കിൽ കുട്ടികളുടെ അന്നം മുട്ടുമെന്നു പ്രധാനാധ്യാപകർ. സർക്കാർ നിശ്ചയിച്ച തുകയെക്കാൾ അധികം തുകയാണ് എല്ലായിടത്തും ചെലവാകുന്നത്. മുട്ടയുടെയും പാലിൻ്റെയും വില വർധിച്ചതിനു പുറമേ തേങ്ങയുടെയും പച്ചക്കറിയുടെയും വിലയും വർധിച്ചിട്ടുണ്ട്. പാചക വാതക വിലയും ക്രമാതീതമായി കൂടി. പാചകത്തൊഴിലാളികൾക്കുള്ള വേതനം ഒരു മാസമായി കുടിശികയാണ്. ജൂൺ മാസത്തിലെ പ്രധാന ഭക്ഷണത്തിന്റെ (അരി, പച്ചക്കറി മുതലായവ) തുക ലഭിച്ചിട്ടുണ്ട്. അനുബന്ധ പോഷക ആഹാരത്തിന്റെ്റെ (പാൽ, മുട്ട) തുക ഇതുവരെ ലഭിച്ചിട്ടില്ല.
പ്രധാന ഭക്ഷണത്തിൻ്റെ തുക സർക്കാർ നിശ്ചയിച്ചിരിക്കുന്നതിനാൽ വിലവർധനയുടെ ഭാഗമായ അധികമാകുന്ന തുക ലഭിക്കാറില്ല. പ്രധാന ഭക്ഷണത്തിനായി വാങ്ങുന്ന പച്ചക്കറികൾക്ക് ദിവസവും വില വർധിക്കുന്നു. സാമ്പാർ, തോരൻ തുടങ്ങിയ കറികൾ ആണ് പ്രധാനമായും കുട്ടികൾക്ക് നൽകുന്നത്. തോരൻ വയ്ക്കാനുള്ള കാരറ്റ്, ബീൻസ്, കാബേജ് തുടങ്ങിയവയുടെ വില ദിവസവും കൂടുകയാണ്. പാലും മുട്ടയും സ്ഥിരമായി പ്രദേശത്തുള്ള കടയിൽ നിന്നാണ് വാങ്ങുന്നത്. മിൽമയുടെ പാൽ ആണ് ഉപയോഗിക്കുന്നത്. ഒരു ലീറ്റർ പാലിന് 60 രൂപ ഉള്ളപ്പോൾ സർക്കാർ നിശ്ചത് 56 രൂപയാണ്. മിൽമ പാലിന്റെ വില സർക്കാരാണ് വർധിപ്പിച്ചതെങ്കിലും സ്കൂൾ പദ്ധതിയുടെ ഭാഗമായ പാലിൻ്റെ വില 56 തന്നെയാണ്. ഒരു മുട്ടയ്ക്ക് 6 രൂപയാണ് സർക്കാരിൽ നിന്ന് ലഭിക്കുന്നത്. പൊതു വിപണിയിൽ 7 മുതൽ 8 വരെ ആകാറുണ്ട്. മാർച്ചിൽ പാചകവാതക വില കൂടുന്നതിന് മുൻപ് ഗ്യാസ് വാങ്ങിയതിനാൽ ജൂൺ പകുതി വരെ വലിയ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല. ബാക്കി തുക പ്രഥമ അധ്യാപകന്റെ കയ്യിൽ നിന്ന് എടുക്കേണ്ടി വരും.
പരിചയമുളള കടകളിൽ കടം പറഞ്ഞും സാധനങ്ങൾ വാങ്ങുന്നുണ്ട്. 8 വരെയുള്ള കുട്ടികൾക്കാണ് സൗജന്യ ഉച്ചഭക്ഷണം എങ്കിലും പല സ്കൂളുകളിലും ഇതിനു മുകളിലെ ക്ലാസിലെ കുട്ടികളും ഉച്ചഭക്ഷണത്തിന് എത്താറുണ്ട്. അവരെയും നിരാശപ്പെടുത്താറില്ല. ആവശ്യമായ തുക സ്വന്തം കീശയിൽ നിന്നു ചെലവാക്കുകയേ മാർഗമുള്ളൂ എന്നാണ് പ്രധാനാധ്യാപകർ പറയുന്നത്.
ഈ അധ്യയനവർഷം ഇതുവരെ പാചകത്തൊഴിലാളികളുടെ വേതനം ലഭിച്ചിട്ടില്ല. തീർത്തും നിർധന സാഹചര്യങ്ങളിൽ നിന്നുള്ളവരാണ് പാചകത്തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നത്. സ്കൂൾ കുട്ടികൾക്ക് അന്നമൊരുക്കുമ്പോഴും സ്വന്തം വീട്ടിൽ അടുപ്പു പുകയാത്ത അവസ്ഥയാണെന്നു പരാതിയുണ്ട്. വേതനം ലഭിക്കാത്തതിനാൽ ഇവർ വലിയ പ്രതിസന്ധിയിലാണ്.


