കൊല്ലം: കുണ്ടറ കസ്റ്റഡി മർദ്ദനത്തിന് പിന്നാലെ യുവാവ് മരിച്ചെന്ന ആരോപണത്തിൽ കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി ആഭ്യന്തര വകുപ്പ്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. വിഷയത്തിൽ ഗുരുതര ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് നടപടി. പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ കൃത്യമായ നടപടി സ്വീകരിക്കുമെന്ന് കൊല്ലം റൂറൽ എസ്പി ഷാജി സുഗുണൻ പറഞ്ഞു. അന്വേഷണം നടത്തിയാലേ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു. ഹൃദയത്തിന് പറ്റിയ അണുബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഹെപ്പറ്റൈൽസ് ബി ബാധിച്ച് സിയാദ് ചികിത്സയിൽ ആയിരുന്നു എന്നും എസ്പി വ്യക്തമാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചു കഴിഞ്ഞാൽ കൂടുതൽ വ്യക്തത വരുമെന്നും പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ കൃത്യമായ നടപടി സ്വീകരിക്കും എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
അതേസമയം വിഷയത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് റൂറൽ എസ് പി ഷാജി സുഗുണൻ റിപ്പോർട്ട് നൽകിയിട്ടുണ്ട്. നിലവിലെ അന്വേഷണം സംബന്ധിച്ചാണ് റിപ്പോർട്ട് നൽകിയത്. അന്വേഷണം നടത്തിയാൽ മാത്രമേ കസ്റ്റഡി മർദ്ദനം ഉണ്ടായോ എന്ന് ഉറപ്പിക്കാൻ ആകൂ എന്നും സിയാദ് മരണപ്പെടുന്നത് വരെ പൊലീസ് മർദ്ദനവുമായി ബന്ധപ്പെട്ട പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നുമാണ് റിപ്പോർട്ടിലുള്ളത്.കുണ്ടറയിലെ കസ്റ്റഡി മർദ്ദന ആരോപണത്തിൽ പൊലീസ് കസ്റ്റഡിയിൽ വച്ച് സിയാദിന് മർദ്ദനമേറ്റിട്ടില്ലെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. പൊലീസ് സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ മർദ്ദിക്കുന്നതായി ദൃശ്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജീപ്പിൽ വെച്ച് മർദ്ദിച്ചു എന്നത് ആരോപണം മാത്രമെന്നും റിപ്പോർട്ടിലുണ്ട്. സിയാദ് മരണപ്പെടും വരെ മർദ്ദനവുമായി ബന്ധപ്പെട്ട് ഒരു പരാതിയും ലോക്കൽ പൊലീസിന് മുന്നിൽ വന്നില്ല. ആശുപത്രിയിൽ നിന്നും ഇതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ നടപടിക്രമങ്ങളിൽ കുണ്ടറ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. സിയാദിനെ കസ്റ്റഡിയിലെടുത്ത് വിട്ടതിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും മെഡിക്കൽ പരിശോധന ഉൾപ്പെടെ പൂർത്തിയാക്കാതെ വിട്ടത് വീഴ്ചയാണെന്നുമാണ് സ്പെഷ്യൽ ബ്രാഞ്ചിന്റെ കണ്ടെത്തൽ.അതേസമയം കസ്റ്റഡി മർദ്ദനം തന്നെയാണ് സിയാദിൻ്റെ മരണകാരണമെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് കുടുംബം. സിയാദിന്റെ മരണത്തിന് ശേഷം പൊലീസ് ഉദ്യോഗസ്ഥനായ ശ്രീജിത്തിനെ സിയാദിൻ്റെ മകൾ വിളിച്ചതിന്റെ ശബ്ദരേഖ ഇന്നലെ പുറത്തു വന്നിരുന്നു. സാർ ഇടിച്ചെന്ന് പപ്പ പറഞ്ഞിരുന്നെന്നും അത് കാരണമാണ് പപ്പ മരിച്ചതെന്നുമാണ് മകൾ ആരോപിക്കുന്നത്. സിയാദിന്റെ സഹോദരിയുടെ മകനെ കാണാതായെന്ന പരാതിയിലാണ് കുണ്ടറ പൊലീസ് സിയാദിനെ കസ്റ്റഡിയിൽ എടുക്കുന്നത്. സിയാദ് രോഗിയാണെന്ന് വീട്ടുകാർ പറഞ്ഞിട്ടും അത് അവഗണിച്ച് പൊലീസ് സിയാദിനെ കസ്റ്റഡിയിൽ എടുത്തെന്നാണ് ഉയരുന്ന ആരോപണം. കോവിൽ മുക്ക് എന്ന സ്ഥലത്ത് ജീപ്പിൽ വെച്ച് സിയാദിനെ പൊലീസ് മർദ്ദിച്ചെന്നും പരാതിയുണ്ട്. എന്നാൽ സ്റ്റേഷനിൽ വെച്ച് മർദ്ദിച്ചതായി കുടുംബം പരാതി പറഞ്ഞിട്ടില്ല. മർദ്ദനത്തെ തുടർന്നാണ് സിയാദിന് അണുബാദ ഉണ്ടായതെന്നാണ് കുടുംബം പറയുന്നത്. പൊലീസ് മർദ്ദിച്ചു എന്നത് നേരാണെന്നും എന്നാൽ അത് മാരകമായ മർദ്ദനമായിരുന്നില്ലെന്നുമാണ് സാക്ഷിയായ പെൺകുട്ടി ഇന്നലെ പറഞ്ഞത്.
കുണ്ടറ കസ്റ്റഡി മർദ്ദന പരാതി; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി ആഭ്യന്തര വകുപ്പ്


