കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യയ്ക്ക് പിന്നാലെ രണ്ടര വയസുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കുടുംബം. മാനേജ്മെൻ്റിനും ഡോക്ടർമാർക്കും എതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിക്കാനാണ് കുടുംബത്തിൻ്റെ തീരുമാനം. പയ്യന്നൂർ ബിഎംഎച്ച് ആശുപത്രിക്ക് മുന്നിൽ ആയിരിക്കും പ്രതിഷേധിക്കുക എന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നും വിവരമുണ്ട്. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബേബി മെമ്മോറിയൽ ആശുപത്രിയിലെത്തിച്ച് പ്രതിഷേധിക്കുമെന്നും ബന്ധുക്കൾ പറയുന്നു.മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സംഭവത്തിൽ കുടുംബം പരാതി നൽകി. ഉത്തരവാദികളായ മുഴുവൻ ഡോക്ടർമാർക്കെതിരെയും നടപടി വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. അനസ്തേഷ്യ നൽകിയ സമയത്ത് തന്നെ കുഞ്ഞിന് ഹൃദയാഘാതം ഉണ്ടായെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്നും കുടുംബം വ്യക്തമാക്കി. ചെറിയ മുറിവിൻ്റെ പേരിൽ കുട്ടിയുടെ ജീവൻ നഷ്ടപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും അവർ പറഞ്ഞു. ഒന്നോ രണ്ടോ സ്റ്റിച്ച് ഇട്ടാൽ മതിയാകും എന്നാണ് മുൻപ് കുഞ്ഞിനെ ചികിത്സിച്ച ഡോക്ടർ പറഞ്ഞത്. മറ്റ് കുട്ടികൾക്ക് ഇനി ഇങ്ങനെ സംഭവിക്കരുത്. ആശുപത്രിയുടെ വിശ്വാസത്തെ ബിസിനസ് താത്പര്യങ്ങൾക്കായി ഉപയോഗിച്ചെന്നും ബന്ധുക്കൾ ആരോപിക്കുന്നു. മനുഷ്യത്വ രഹിതമായ നടപടിയാണുണ്ടായതെന്നും അനസ്തേഷ്യ നൽകിയപ്പോൾ വീഴ്ച ഉണ്ടായോ എന്ന് ആശുപത്രി മാനേജ്മെന്റ് വ്യക്തമാക്കണമെന്നും അവർ പറഞ്ഞു. ഒറ്റപ്പെട്ട സംഭവമായി ഇതിനെ കാണാനാവില്ല. ഇപ്പോൾ കുട്ടിയുടെ മുറിവ് ഉണങ്ങിയ നിലയിലെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടി.ചെറിയ മുറിവിന് അനസ്തേഷ്യ നൽകേണ്ട അടിയന്തര സാഹചര്യം എന്തായിരുന്നുവെന്നാണ് കുടുംബം ചോദിക്കുന്നത്. മാസം തികയാതെ ജനിച്ച കുഞ്ഞാണെന്ന് ഡോക്ടർമാർക്ക് അറിയാമായിരുന്നു. കുട്ടിക്ക് പ്ലാസ്റ്റിക് സർജറി വേണമെന്ന് ആശുപത്രി അധികൃതർ തുടക്കത്തിലേ പറഞ്ഞിരുന്നു. 18,000 രൂപ നൽകിയാൽ മാത്രമേ ചികിത്സിക്കൂ എന്ന് ഡോക്ടർ പറഞ്ഞെന്നും ആരോപണമുണ്ട്. ഇതിനെ ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ലെന്നാണ് കുട്ടിയുടെ ബന്ധുക്കളുടെ നിലപാട്. ഡോക്ടറുടെ ഭാഗത്ത് വലിയ അനാസ്ഥയുണ്ടായി. ഇൻഞ്ചക്ഷൻ എടുത്തപ്പോൾ തന്നെ ബോധം പോയെന്നും വെള്ളം പോലും കൊടുക്കാൻ സമ്മതിച്ചില്ലെന്നും കുടുംബം ആരോപണമുന്നയിക്കുന്നു. ഇൻഞ്ചക്ഷൻ എടുത്തപ്പോൾ ഡോസ് കൂടിയതായി പിഴവ് ആശുപത്രി സമ്മതിച്ചെന്നും ചെറിയ കുട്ടിക്ക് അനസ്തേഷ്യ നൽകേണ്ട ആവശ്യമുണ്ടോ എന്നാണ് മറ്റ് ഡോക്ടർമാർ ചോദിക്കുന്നതെന്നും കുടുംബം പറഞ്ഞു.
ചികിത്സാ പിഴവ് ആരോപണം; രണ്ടര വയസ്കാരൻ്റെ മരണത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കുടുംബം


