കാസർകോട്: കാസർകോട് നെല്ലിക്കുന്ന് കടപ്പുറത്ത് തലവേർപ്പെട്ട നിലയിലുള്ള മൃതദേഹം കരയ്ക്കടിഞ്ഞു. ഒരു മാസത്തിലധികം പഴക്കമുള്ള മൃതദേഹം പുരുഷന്റേതാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടെത്. സംഭവത്തിൽ ബേക്കൽ കോസ്റ്റൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹത്തിൽ കാലിലെ മാംസഭാഗങ്ങളും വേർപ്പെട്ട നിലയിലാണ്. അസ്ഥികൾ പുറത്തേക്ക് തള്ളിയിട്ടുണ്ട്. തലവേർപ്പെട്ട നിലയിലായതിനാൽ മുങ്ങിമരണമാകാൻ സാധ്യതയില്ലെന്നാണ് പ്രാഥമിക നിഗമനം. എവിടെയെങ്കിലും കുഴിച്ചിട്ട മൃതദേഹം തിരമാലയിൽപ്പെട്ട് ഒഴുകിയെത്തിയതാണോ എന്നും സംശയമുണ്ട്.ഇന്ന് രാവിലെയാണ് മൃതദേഹം മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഇവർ അടുത്തെത്തി നോക്കുമ്പോഴാണ് മൃതദേഹത്തിന് തലയില്ലെന്ന് മനസിലാക്കുന്നത്. പിന്നാലെ പൊലീസിൽ വിവരം അറിയിച്ചു. കടലിൽ വീണപ്പോൾ തല വിച്ഛേദിക്കപ്പെട്ടതാണോ എന്നതടക്കമുള്ള സംശയങ്ങളും പൊലീസിനുണ്ട്. ബേക്കൽ കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹത്തിൻ്റെ കഴുത്ത് മുതൽ താഴേക്ക് ശസ്ത്രക്രിയ നടത്തിയതിന്റെ പാടുകൾ ഉണ്ടെന്നാണ് മത്സത്തൊഴിലാളികൾ പറയുന്നത്. വലയിൽ കുടുങ്ങിയ അടയാളമുണ്ടെന്നും പറയുന്നു.കാസർകോട് ജില്ലയിൽ നിന്നും കാണാതായ ആളുകളെ കേന്ദ്രീകരിച്ചും, കർണാടക അതിർത്തിയായതിനാൽ അയൽസംസ്ഥാനത്ത് നിന്നുള്ള ആളാണോ എന്ന സാധ്യതയും പൊലീസ് അന്വേഷിക്കുന്നുണ്ട്. ദീർഘകാലം കടലിൽ കിടന്നാൽ തലവേർപ്പെട്ട് പോകാൻ സാധ്യതയുള്ളതിനാൽ നിലവിൽ മറ്റ് ദുരൂഹതകൾ ആരോപിക്കാൻ കഴിയില്ലെന്നാണ് പൊലീസ് ഭാഷ്യം. ആരാണ് മരിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
കാസർകോട് കടപ്പുറത്ത് തലവേർപ്പെട്ട നിലയിൽ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ല, അന്വേഷണം


