കാസർകോട്: ജില്ലയിലെ സ്വകാര്യ ബസുകൾ തിങ്കളാഴ്‌ച പണിമുടക്കും. പ്രിയദർശിനി സൗജന്യ യാത്ര തുടങ്ങിയതോടെ സ്വകാര്യ ബസുകൾ നഷ്ടത്തിലായ സാഹചര്യത്തിലാണിത് സൂചനാ പണിമുടക്ക് നടത്തുന്നതെന്ന് സംയുക്ത ട്രേഡ് യൂനിയൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കും സൗജന്യയാത്ര അനുവദിച്ചുകൊണ്ടാണ് യുഡിഎഫ് സർക്കാർ പ്രിയദർശിനി പദ്ധതി നടപ്പാക്കിയത്. ദിവസം 3000 രൂപവരെ നഷ്ടം വരുന്നതായി ഉടമകൾ പറയുന്നു. സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കാൻ സർക്കാരിന് മുന്നിൽ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ നിർദേശങ്ങൾ സമർപ്പിച്ചിരുന്നു. അനുകൂലമായ നടപടി ഇനിയും ഉണ്ടായിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് ജില്ലയിലെ മുഴുവൻ ഉടമകളും കുടുംബങ്ങളും തിങ്കളാഴ്‌ച കളക്ടറേറ്റിലേക്ക് മാർച്ച് നടത്തുമെന്നും 20 മുതൽ 25 വരെ സെക്രട്ടറിയേറ്റിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തുമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ പ്രസിഡൻ്റ് കെ ഗിരീഷ്, ടി ലക്ഷ്മണൻ, ഗിരികൃഷ്ണൻ, കെ വി ബാബു എന്നിവർ അറിയിച്ചു.
സർവീസ് നഷ്ടത്തിൽ; തിങ്കളാഴ്‌ച കാസർകോട് ജില്ലയിലെ സ്വകാര്യ ബസുകൾ പണിമുടക്കും


