പത്തനംതിട്ട: പത്തനംതിട്ടയിൽ പതിനാറ് വയസുകാരിയായ മകളെ അച്ഛൻ പീഡിപ്പിച്ചതായി പരാതി. സ്കൂളിൽ കൗൺസിലിങ്ങിനിടെ പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പിതാവിനെതിരെ അടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്. ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തുവരികയാണ്.
കൊല്ലം ജില്ലയിലെ സ്കൂളിലായിരുന്നു വിദ്യാർത്ഥി പഠിച്ചിരുന്നത്. ഇവിടെവെച്ചു നടന്ന കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്. വിദേശത്തായിരുന്നു പെൺകുട്ടിയും അമ്മയും അച്ഛനും താമസിച്ചിരുന്നത്. വിദേശത്തുവെച്ച് അമ്മ രോഗം ബാധിച്ച് മരിച്ചു. ഇതിന് ശേഷം പിതാവ് പീഡിപ്പിച്ചതായാണ് കുട്ടി വെളിപ്പെടുത്തിയത്. ആ സമയം കുട്ടി എട്ടാം ക്ലാസിൽ പഠിക്കുകയായിരുന്നു. നാട്ടിൽ എത്തിയ ശേഷവും പിതാവ് പീഡിപ്പിച്ചതായും പെൺകുട്ടി ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിങ്ങിൽ വെളിപ്പെടുത്തി. ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് വിഷയത്തിൽ ഇടപെട്ടത്. 49കാരനാണ് കേസിലെ പ്രതി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കും.പത്തനംതിട്ടയിൽ നിന്ന് മറ്റൊരു പീഡന വാർത്തയും പുറത്തുവന്നിരുന്നു. പതിമൂന്നുകാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചതായായിരുന്നു പരാതി. സ്കൂളിലെ കൗൺസിലിങ്ങിനിടെയായിരുന്നു പെൺകുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്. സ്കൂളിന് സമീപത്തും മറ്റൊരു പെൺകുട്ടിയുടെ വീട്ടിൽവെച്ചും പീഡിപ്പിച്ചതായായിരുന്നു പെൺകുട്ടി പറഞ്ഞത്. സംഭവത്തിൽ ഒരു പെൺകുട്ടി ഉൾപ്പെടെ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
അമ്മ മരിച്ചതിന് പിന്നാലെ മകളെ പീഡിപ്പിച്ച് അച്ഛൻ; കേസെടുത്ത് പൊലീസ്; സംഭവം പത്തനംതിട്ടയിൽ


