തിരുവനന്തപുരം മകളെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന്
ആരോപിച്ച് അയൽവാസിയുടെ കാൽ പിതാവ് തല്ലിയൊടിച്ചു. ജൂൺ 29ന് പോത്തൻകോട് കല്ലുവിള ഭാഗത്താണു സംഭവം. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. മർദിച്ചെന്ന് അയൽവാസി നൽകിയ പരാതിയിൽ പെൺകുട്ടിയുടെ പിതാവിനെ ആദ്യം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീടു ചോദ്യം ചെയ്തപ്പോഴാണ് മകളെ ഉപദ്രവിച്ചതിനാണ് ഇയാൾ അയൽവാസിയുടെ കാൽ അടിച്ചൊടിച്ചതെന്ന് പൊലീസ് കണ്ടെത്തിയത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് അയൽവാസിയായ നാൽപതുകാരൻ ബൈക്കിൽ പെൺകുട്ടിയുടെ വീട്ടിലെത്തി തൻ്റെ വീട്ടിലേക്കു വരാൻ ആവശ്യപ്പെട്ടെന്ന് കുട്ടിയുടെ പരാതിയിൽ പറയുന്നു. നിർബന്ധിച്ചപ്പോൾ ഇയാളുടെ വീട്ടിലെത്തിയ കുട്ടിയെ കൈയിൽ പിടിച്ചുവലിച്ചു വീടിനുള്ളിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. വീടിനടുത്ത് താമസിക്കുന്ന മറ്റൊരാൾ ഇതുകണ്ട് ബഹളം വച്ചു. വിവരം അറിഞ്ഞ് പെൺകുട്ടിയുടെ പിതാവെത്തി അവിടെയുണ്ടായിരുന്ന തടിക്കഷ്ണം കൊണ്ട് അയൽവാസിയുടെ കാലിൽ അടിക്കുകയും മുഖത്ത് ഇടിക്കുകയുമായിരുന്നു. മർദനത്തിൽ കാൽ ഒടിഞ്ഞ അയൽവാസിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യും.
മുൻ വൈരാഗ്യത്തിൻ്റെ പേരിൽ തന്നെ ആക്രമിച്ചെന്ന് അയൽവാസി ആദ്യം പെൺകുട്ടിയുടെ പിതാവിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥഥാനത്തിൽ പോത്തൻകോട് പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പിന്നീടാണ്, കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനാണ് പിതാവ് ആക്രമിച്ചതെന്ന വിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്കു ശേഷം പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. പെൺകുട്ടിയെ പീഡിപ്പിച്ച കാര്യം ആദ്യം പറഞ്ഞിട്ടു പൊലീസ് ഗൗരവമായെടുത്തില്ലെന്നു കുട്ടിയുടെ കുടുംബം ആരോപിച്ചിട്ടുണ്ട്.


