പയ്യന്നൂർ: സ്കൂൾ ഗ്രൗണ്ടിൽ വെച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കായികാധ്യാപകനെതിരെ പോലീസ് കേസെടുത്തു. തായിനേരി എസ്.എ.ബി.ടി.എം ഹൈസ്കൂളിലെ പി.ടി അധ്യാപകൻ രഘുവിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ജൂൺ 22-ന് രാവിലെ 11 മണിയോടെ സ്കൂൾ ഗ്രൗണ്ടിൽ വെച്ച്, പതിമൂന്ന് വയസ്സുകാരനായ വിദ്യാർത്ഥിയെ അധ്യാപകൻ തടഞ്ഞുനിർത്തി കൈകൊണ്ടും വടികൊണ്ടും അടിച്ച് പരിക്കേൽപ്പിച്ചു എന്നാണ് പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നത്.
വിദ്യാർത്ഥിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ജൂലൈ ഒന്നിനാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. അധ്യാപകനെതിരെ ഭാരതീയ ന്യായ സംഹിതയിലെ 126(2), 115(2), 118(1) എന്നീ വകുപ്പുകളും, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75-ാം വകുപ്പുമാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ പ്രതിയായ അധ്യാപകനെ പോലീസ് ഇതുവരെ കസ്റ്റഡിയിൽ എടുത്തിട്ടില്ല.
പയ്യന്നൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് മർദനം, കായിക അധ്യാപകനെതിരെ കേസെടുത്ത് പോലീസ്


