കോഴിക്കോട്: സ്കൂൾ കുട്ടികളുമായി വാനിൽ പോകവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡ്രൈവർ ആശുപത്രിയിൽ
മരിച്ചു. കുറ്റ്യാടി അടുക്കത്ത് അയിരാണിപ്പൊയിൽ അനിൽ കുമാറാണ് (50)മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് സ്കൂൾ കുട്ടികളെ കൂട്ടി തിരിച്ചുപോകവേയാണ് സംഭവം. വേളം ചെറുകുന്നിൽ വച്ച് അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ വാൻ റോഡരികിൽ നിർത്തി ഡ്രൈവർ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയിരുന്നു. തുടർന്ന് അടുത്തു കണ്ട നാട്ടുകാരെ വിളിച്ച് സ്കൂൾ അധികൃതരോട് വിവരം പറയാൻ ആവശ്യപ്പെട്ടു. സ്കൂൾ അധികൃതർ ആംബുലൻസുമായി എത്തി അനിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റൊരു ഡ്രൈവർ എത്തിയാണ് കുട്ടികളെ വീടുകളിൽ എത്തിച്ചത്. ദീർഘകാലമായി സ്കൂളിലെ ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു അനിൽ.
വാഹനം ഓടിച്ചുകൊണ്ടിരിക്കെ അസ്വസ്ഥത; വാൻ റോഡരികിൽ നിർത്തി കുട്ടികളെ സുരക്ഷിതരാക്കി; സ്കൂൾ വാൻ ഡ്രൈവർ ആശുപത്രിയിൽ മരിച്ചു


