തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. മുൻകരുതലിന്റെ ഭാഗമായി ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്.
മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ നീണ്ടുനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയാണ് മഴക്ക് കാരണം. കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ശനിയാഴ്ച വരെയുള്ള കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം അനുസരിച്ച് സംസ്ഥാനത്ത് പരക്കെ മഴ തുടരും. നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് മുന്നറിയിപ്പുണ്ട്. വെള്ളിയാഴ്ച ഏഴ് ജില്ലകളിലും, ശനിയാഴ്ച ഒമ്പത് ജില്ലകളിലും യെല്ലോ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂലൈ രണ്ട് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ ജൂലൈ രണ്ട് വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മൂന്നാം തീയതി വരെ കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നും കേന്ദ്രകാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, ഏഴിടത്ത് യെല്ലോ അലേർട്ട്


