തിരുവനന്തപുരം: വയോധികരെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല ചേന്നൻകോട് ഒറ്റൂരിലാണ് സംഭവം. ചേന്നൻകോട് സ്വദേശിയായ സുകുമാരൻ(87), ഓമന(81) എന്നിവരാണ് മരിച്ചത്. ഓമനയുടെ ഭർത്താവിന്റെ സഹോദരനാണ് സുകുമാരൻ. ഓമനയുടെ ഭർത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. തുടർന്ന് ഇവർ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ വീടിനുളളിൽ നിന്നും പുക വരുന്നത് കണ്ട് സമീപത്തുള്ളവർ നോക്കുമ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഉടൻ തന്നെ ഫയർഫോഴ്സും കല്ലമ്പലം പൊലീസും സ്ഥലത്തെത്തി. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ഇരുവരും ജീവനൊടുക്കിയതാണ് എന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. ഇന്ന് രാവിലെയും ഇവർ സാധനങ്ങൾ വാങ്ങിക്കുന്നതിനായി പുറത്തുപോയിരുന്നു. സമീപത്തുളള ഒരു പെൺകുട്ടിയാണ് ഇവർക്ക് ആഹാരം തയ്യാറാക്കി നൽകിയിരുന്നത്.
വർക്കലയിൽ വയോധികർ തീ കൊളുത്തി മരിച്ച നിലയിൽ


