തിരുവനന്തപുരം: എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് കെ.ബി ഗണേഷ്‌കുമാറിനെ ഒഴിവാക്കി. ഒമ്പതംഗ
ഡയറക്ടർ ബോർഡിൽ നിന്നാണ് ഗണേഷ് കുമാറിനെ ഒഴിവാക്കിയത്. ഇതിന് പകരം ബി.ആർ.കെ ബാബുവിനെ ഉൾപ്പെടുത്തി. ഡയരക്ടർ ബോർഡിലെ 9 അംഗങ്ങളുടെയും കാലവധി പൂർത്തിയായപ്പോൾ ഗണേഷ് ഒഴികെ മറ്റു എട്ട് അംഗങ്ങൾക്കും അംഗത്വം പുതുക്കി നൽകിയിരുന്നു. നേതൃത്വവുമായി ഇടഞ്ഞിരുന്ന ഗണേഷ് കുമാർ അടുത്തിടെ അനുനയ ചർച്ചയ്ക്ക് ഒരുങ്ങിയിരുന്നു. ‘പത്മ കഫെ’ നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ എൻഎസ്എസ് പത്തനാപുരം താലൂക്ക് യൂണിയനിൽ വലിയ വിവാദത്തിന് കാരണമായിരുന്നു. പത്മ കഫെ നിർമാണത്തിനായി നാല് കോടി രൂപ ചെലവഴിച്ചതിൽ അഴിമതി ആരോപണം ഉയർന്നതാണ് വിവാദമായത്. അഴിമതിയാരോപണങ്ങളിൽ പ്രതിഷേധിച്ച് 19 അംഗ ഭരണസമിതിയിലെ 11 പേർ ഒരുമിച്ച് രാജിവെച്ചിരുന്നു. ഭൂരിപക്ഷം അംഗങ്ങളും രാജിവെച്ചതോടെ പത്തനാപുരം താലൂക്ക് യൂണിയൻ എൻഎസ്എസ് സംസ്ഥാന നേതൃത്വം പിരിച്ചുവിടുകയും ചെയ്‌തിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഗണേഷ്‌കുമാർ പത്തനാപുരത്ത് പരാജയപ്പെടാൻ കാരണം പത്മ കഫെ വിവാദമാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്‌തിയുള്ള എൻ.എസ്.എസ്. യൂണിയനുകളിൽ ഒന്നാണ് 148 കരയോഗങ്ങളുള്ള പത്തനാപുരം താലൂക്ക് യൂണിയൻ. മന്ത്രി ഗണേഷ് കുമാറിൻ്റെ പിതാവ് ആർ. ബാലകൃഷ്‌ണപിള്ള 64 വർഷം തുടർച്ചയായി പ്രസിഡൻറായിരുന്ന ഈ യൂണിയനിൽ, അദ്ദേഹത്തിൻ്റെ വേർപാടിന് പിന്നാലെയാണ് ഗണേഷ് കുമാർ ചുമതലയേറ്റത്.
എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് കെബി ഗണേഷ് കുമാർ പുറത്ത്


