അന്താരാഷ്ട്ര വിപണിയിലെയും ആഗോള സാമ്പത്തിക രംഗത്തെയും പ്രവചനങ്ങളാണ് ആഭ്യന്തര വിപണിയിലും വില ഉയരാൻ കാരണമായത്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർധനവ്. ഒരു പവൻ സ്വർണ്ണത്തിന് 240 രൂപയാണ് ഇന്ന് ഉയർന്നത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിൻ്റെ വില 1,16,880 രൂപയായി മാറി. പവന് ആനുപാതികമായി ഗ്രാമിനും വില ഉയർന്നിട്ടുണ്ട്. ഗ്രാമിന് 30 രൂപ വർദ്ധിച്ച് ഒരു ഗ്രാം സ്വർണ്ണത്തിന് 14,610 രൂപയാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപ കൂടി 12,005 രൂപയും 14 കാരറ്റിന് ഗ്രാമിന് 15 രൂപ കൂടി
9,345 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിൻ്റെ ഒരു ഗ്രാമിന് 10 രൂപ കൂടി 6,025 രൂപയിലെത്തി. വെളളി വില ഗ്രാമിന് 5 രൂപ കുറഞ്ഞ് 280 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിലെയും ആഗോള സാമ്പത്തിക രംഗത്തെയും പ്രവചനങ്ങളാണ് ആഭ്യന്തര വിപണിയിലും വില ഉയരാൻ കാരണമായത്.
ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില താഴ്ന്നത് സ്വർണ്ണവിലയെ സ്വാധീനിച്ച പ്രധാന ഘടകങ്ങളിലൊന്നാണ്. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിൻ്റെ വില നിലവിൽ ബാരലിന് 100 ഡോളറിന് താഴെയാണ്. പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങൾക്ക് അയവ് വരുത്തിക്കൊണ്ട് അമേരിക്കയും ഇറാനും തമ്മിൽ ഉടൻ തന്നെ ഒരു സമാധാന കരാറിൽ ഒപ്പുവെക്കുമെന്ന പ്രതീക്ഷയിലാണ് എണ്ണവിലയിൽ ഈ ഇടിവുണ്ടായത്.


