കാസർകോട് പാണലത്ത് ഭർതൃവീട്ടിൽ വെച്ച് 24 വയസുകാരിയായ ഫാത്തിമത്ത് സുഫൈദ ആസിഡ് കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് ആദിലിനെ വിദ്യാനഗർ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരു വർഷം മുൻപ് വിവാഹിതയായ സുഫൈദയെ ഭർത്താവും കുടുംബവും സ്വർണത്തെച്ചൊല്ലി നിരന്തരം ഗാർഹിക പീഡനത്തിന് ഇരയാക്കിയിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. പീഡനം സഹിക്കവയ്യാതെ സുഫൈദയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ബന്ധുക്കൾ എത്തിയ സമയത്ത് ഭർതൃവീട്ടിൽ വെച്ചുണ്ടായ തർക്കത്തിൽ മനംനൊന്താണ് യുവതി ആസിഡ് കുടിച്ചത്. ഇൻക്വസ്റ്റ് നടപടികൾക്കിടെ യുവതിയുടെ ശരീരത്തിൽ ക്രൂരമായ മർദനമേറ്റതിന്റെ പാടുകൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകൾ ചുമത്തി ഭർത്താവിനെയും ഭർതൃമാതാവിനെയും പ്രതി ചേർത്ത പോലീസ് നിലവിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.
ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവം: ശരീരത്തിൽ മർദനമേറ്റ പാടുകൾ, ഭർത്താവ് കസ്റ്റഡിയിൽ


