കണ്ണൂർ: സ്റ്റേഷനിൽ നിന്ന് പൊലീസ് വാഹനം കടത്തിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി പിടിയിൽ. ഗുരുവായൂർ സ്വദേശിയായ നഫ്‌സത്തിനെയാണ് പൊലീസ് അറസ്റ്റുചെയ്‌തത്. തൻ്റെ മൊബൈൽ ഫോൺ കാണാനില്ലെന്ന പരാതി നൽകാനാണ് ഇന്നലെ രാത്രി 12 മണിക്ക് നൗഫത്ത് ടൗൺ പൊലീസ് സ്റ്റേഷനിലെത്തിയത്. തുടർന്ന് പൊലീസുകാർ സൈബർ പൊലീസ് സ്‌റ്റേഷനിൽ പോകാൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് സൈബർ സ്‌റ്റേഷനിലെത്തിയെങ്കിലും അവിടെ ആരും ഉണ്ടായിരുന്നില്ല. മുറ്റത്ത് പൊലീസ് വാഹനം പാർക്ക് ചെയ്‌തിരുന്നു. അതിൽ താക്കോലും ഉണ്ടായിരുന്നു. ഇതോടെ വാഹനവും എടുത്ത് നൗഫത്ത് സ്ഥലം വിടുകയായിരുന്നു.
ടൗണിലെത്തിയപ്പോൾ വാഹനം നിർത്തി ഇയാൾ പുറത്തിറങ്ങി. മദ്യലഹരിയിൽ മുഷിഞ്ഞ വസ്ത്രവുമായി നിന്നിരുന്ന ഇയാളെ കണ്ട് സംശയം തോന്നിയവർ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വിവരം പറയുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ടൗണിൽ സെക്യൂരിറ്റി ജോലിക്കായി എത്തിയതാണ് ഇയാളെന്നും മദ്യലഹരിയിൽ നടത്തിയ പ്രവർത്തിയാണെന്നും പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ മറ്റ് കേസുകളൊന്നും നിലവിലില്ലെന്നും പൊലീസ് പറഞ്ഞു.
സ്റ്റേഷനിൽ നിന്ന് പൊലീസ് വാഹനം കടത്തിക്കൊണ്ടുപോയി; യുവാവ് പിടിയിൽ


