തിരുവന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്‌ച നിരത്തിലിറങ്ങുമെന്ന് അധികൃതർ അറിയിച്ചു. തെരഞ്ഞെടുപ്പിന് മുൻപ് മന്ത്രി കെ.ബി ഗണേഷ് കുമാർ ബസിൻ്റെ ഉദ്ഘാടന പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം മൂലം ഔദ്യോഗികമായി പുറത്തിറക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് യാത്ര നീണ്ടത്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ മനുമതിയോടെ അടുത്തയാഴ്‌ച നിരത്തിറക്കാമെന്നാണ് അധികൃതർ കരുതുന്നത്. ‘വോൾവോയുടെ ബസ് ആണിത്.
ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാൻട്രിയും ഒക്കെ ആയി വന്ദേഭാരത് ട്രെയിനിനു സമാന്തരമായി ആഡംബര ബസാണ് ഓടിത്തുടങ്ങുന്നത്. എയർഹോസ്റ്റസ് മാതൃകയിൽ ബസിൽ ‘ബസ് ഹോസ്റ്റസും’ ഉണ്ടാകും. രണ്ടു കോടി രൂപ വിലയുള്ള രണ്ടു ബസുകളാണ് കെ.എസ്.ആർ.ടി.സി ഇതിനായി വാങ്ങിയത്. പുലർച്ചെ 5.15ന് തിരുവനന്തപുരത്തുനിന്ന് വന്ദേ ഭാരത് ട്രെയിൻ പുറപ്പെടുന്നതിനു പിന്നാലെ ബസ് കൊച്ചിക്ക് പുറപ്പെടും. അതേസമയം തന്നെ എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്കും മറ്റൊരു ബിസിനസ് ക്ലാസ് ബസ് യാത്ര തിരിക്കും. രാവിലെ 10നു മുൻപ് എറണാകുളത്ത് എത്തുന്ന രീതിയിലാണ് സർവീസ്.
ബസിൽ കണ്ടക്ടർ ഉണ്ടാവില്ല, പകരം ടിക്കറ്റ് പരിശോധിക്കാനും ഭക്ഷണം എടുത്തു നൽകാനുമായി ഒരു ‘ബസ് ഹോസ്റ്റസ്’ ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ അറിയിച്ചിരുന്നു. ബസിൽ പ്രത്യേക ടിക്കറ്റ് നിരക്കായിരിക്കും. ഭക്ഷണത്തിനും മറ്റും പ്രത്യേകം പണം നൽകണം. തിരുവനന്തപുരത്ത് നിന്നു പുറപ്പെട്ടാൽ കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ് ഉള്ളത്. ടിക്കറ്റ് നേരത്തേ റിസർവ് ചെയ്യുന്നതിനും സൗകര്യ മുണ്ട്. റിസർവ് ചെയ്‌ത എല്ലാ യാത്രക്കാരും എറണാകുളത്തേക്കാണെങ്കിൽ കൊല്ലത്തും ആലപ്പുഴയിലും സ്റ്റോപ്പുണ്ടാകില്ല.
കെ.എസ്.ആർ.ടി.സിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച്ച മുതൽ; ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാൻട്രിയും അടക്കം അടിപൊളി യാത്ര


