കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ മെഡിക്കൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ലോൺ ആപ്പ് നടത്തിപ്പുകാരെ പിടികൂടി. നോയിഡയിൽ നിന്നാണ് ആപ്പ് നടത്തിപ്പുകാരെ കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് പിടികൂടിയത്.
‘ഇൻസ്റ്റന്റ് ഫണ്ട്സ്’ എന്ന ലോൺ ആപ്പ് നടത്തിപ്പുകാരായ ഉത്തർപ്രദേശ് ഖാസിയാബാദ് സ്വദേശിയായ ഋഷികേഷ് തിവാരി(32), ഉത്തർപ്രദേശ് സ്വദേശിയായ പ്രശാന്ത് ഖേവൽ(28), ഹരിയാന ഫരിദാബാദ് സ്വദേശിയായ പ്രകാശ് ജയ്(54) എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ ദിവസം ആപ്പിനെതിരെ പൊലീസ് കേസെടുത്തിരുന്നു. നിതിൻ രാജിനെ ഭയപ്പെടുത്തി പണം തിരിച്ചടക്കാൻ പ്രേരിപ്പിച്ചുവെന്നാണ് എഫ്ഐആർ. മാനസികമായി പീഡിപ്പിച്ചു എന്നും എഫ്ഐആറിലുണ്ട്. ചക്കരക്കൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ലോൺ ആപ്പിൽ നിന്ന് അധ്യാപികയായ ലതയ്ക്ക് ഫോൺ കോളുകൾ വന്നിരുന്നു. തുടർന്ന് നിതിൻ രാജിനെ പ്രിൻസിപ്പൽ ചേംബറിൽ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു.
തൊട്ടുപിന്നാലെയായിരുന്നു നിതിൻ ആത്മഹത്യ ചെയ്തത്. നിതിനെ ചോദ്യം ചെയ്യുന്നതിന്റെറെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ആത്മഹത്യയിൽ ലോൺ ആപ്പിന് പങ്കുണ്ടെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. നിതിന്റെ ആത്മഹത്യയ്ക്ക് ശേഷം ലത സൈബർ സെല്ലിന് പരാതി നൽകിയിരുന്നു. ഈ പരാതി സൈബർ സെല്ല് ചക്കരക്കല്ല് പൊലീസിന് കൈമാറുകയും സ്വമേധയാ കേസെടുക്കുകയുമായിരുന്നു.15,000 രൂപയാണ് നിതിൻ ആപ്പിൽ വഴി ലോൺ എടുത്തത്. തിരിച്ചടവ് മുടങ്ങിയതിനാൽ ആപ്പിൽ നിന്നും സമ്മർദമുണ്ടായെന്ന് എഫ്ഐആറിൽ സൂചിപ്പിക്കുന്നു. അതേസമയം നിതിൻ്റെ മരണത്തിൽ ആദ്യം കേസെടുത്ത ഡോ. എം കെ റാം, സംഗീത എന്നിവർ ഒളിവിലാണ്. ഇരുവരെയും നേരത്തെ തന്നെ കോളേജ് സസ്പെൻഡ് ചെയ്തിരുന്നു. റാമിനെ മാനേജ്മെന്റ് പുറത്താക്കുകയും ചെയ്തിരുന്നു.
ഏപ്രിൽ പത്തിനാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിൻ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു. നിറത്തിൻ്റെയും ജാതിയുടെയും പേരിലായിരുന്നു അധിക്ഷേപം. ഇന്റേണൽ മാർക്കുമായി ബന്ധപ്പെട്ട തർക്കങ്ങളുമുണ്ടായിരുന്നു. പല ഘട്ടങ്ങളിലായി നിതിനോട് വൈരാഗ്യം കാണിച്ചിരുന്നു. കോളേജിൽ നേരിടുന്ന അധിക്ഷേപങ്ങളെക്കുറിച്ച് കുട്ടി വീട്ടിൽ പറയുകയും കുറച്ചുനാൾ വീട്ടിൽ വന്ന് നിൽക്കുകയും ചെയ്തിരുന്നു.മരിച്ച ദിവസം രാവിലെ 11 മണിയ്ക്ക് ഭക്ഷണം കഴിക്കാൻ പൈസ വേണമെന്ന് സഹോദരിയെ വിളിച്ച് ആവശ്യപ്പെടുകയും അവർ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ഒന്നരയോടെ കോളേജിൽ നിന്ന് ഒരു അധ്യാപിക വിളിച്ച് നിതിൻ കെട്ടിടത്തിൽ നിന്ന് വീണ് അപകടം പറ്റിയിട്ടുണ്ട് ഉടൻ വരണമെന്ന് അമ്മ ലതയോട് പറയുകയായിരുന്നു. കുട്ടി മരിച്ച വിവരം പോലും കോളേജ് അധികൃതർ വിളിച്ചുപറഞ്ഞില്ല. വാർത്ത കണ്ട് ബന്ധുക്കൾ വിളിച്ചപ്പോഴാണ് വിവരമറിഞ്ഞതെന്ന് കുടുംബം ആരോപിച്ചിരുന്നു.
നിതിൻ രാജിൻ്റെ മരണം: ലോൺ ആപ്പ് നടത്തിപ്പുകാരെ നോയിഡയിൽ നിന്ന് പിടികൂടി പൊലീസ്


