മലപ്പുറം: വാൽപ്പാറ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളുമായി ആംബുലൻസുകൾ പാങ്ങ് എച്ച്എസ്എസിലേക്ക് എത്തി. പൊതുദർശനം അൽപ്പസമയത്തിനകം ആരംഭിക്കും. പാങ്ങ് ജിഎൽപി, ജിയുപി സ്കൂളിലെ വിദ്യാർത്ഥികളാണ് ആദ്യം മൃതദേഹങ്ങൾ കാണുക. സ്കൂളിലെ പ്രധാനാധ്യാപിക അജിത ടീച്ചർ, അധ്യാപകരായ ആശ ടീച്ചർ, റംല ടീച്ചർ, ഷക്കീന ടീച്ചർ, മജീദ് മാസ്റ്റർ അദ്ദേഹത്തിൻ്റെ ഭാര്യ റുഖിയ, സഹായി സാജിത, സുഹ്റ ടീച്ചർ, പന്ത്രണ്ടുവയസുകാരൻ ഹിഷാം എന്നിവരുടെ മൃതദേഹങ്ങളാണ് പൊതുദർശനത്തിനായി സ്കൂളിലേക്ക് എത്തിച്ചിരിക്കുന്നത്. ശേഷം അവരുടെ വീടുകളിലേക്ക് കൊണ്ടുപോകും. തുടർന്നായിരിക്കും സംസ്കാരം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മുഹമ്മദ് ഫായിസും നൗഷാദ് അലിയും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. 48 മണിക്കൂർ നിരീക്ഷണത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാകു എന്നാണ് ഡോക്ടർമാർ പറയുന്നത്. ഷഹദിൻ മുഹമ്മദിനെ വാർഡിലേക്ക് മാറ്റി. ഷഹദിൻ അപകടനില തരണംചെയ്തിട്ടുണ്ട്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് മലപ്പുറം ജില്ലാ കളക്ടർ വിനയ് ഗോയൽ പറഞ്ഞു. സാഹചര്യം നോക്കി കേരളത്തിലേക്ക് മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്നര മണിക്കൂറാണ് സ്കൂളിൽ പൊതുദർശനമുണ്ടാവുക. കുട്ടികൾക്ക് വലിയ ഷോക്കാണ് ഉണ്ടായതെന്നും അവർക്ക് കൗൺസലിംഗ് നൽകുമെന്നും കളക്ടർ അറിയിച്ചു.പ്രധാന അധ്യാപിക പുലാമന്തോൾ സ്വദേശി അജിതയുടെ സംസ്കാരം ഷൊർണൂർ ശാന്തി തീരത്ത് നടക്കും. ആശയുടെ സംസ്കാരം വീട്ടുവളപ്പിൽ നടക്കും. മജീദ്, ഭാര്യ റുഖിയ എന്നിവരുടെ ഖബറടക്കം മാട്ടാത്ത് മഹല്ലിലും റംല, സാജിദ, ഷക്കീല എന്നിവരുടെ ഖബറടക്കം പാങ്ങ് ജുമാ മസ്ജിദിലും നടക്കും. സുഹറ, മകൻ ഹിഷാം എന്നിവരുടെ ഖബറടക്കം ഈസ്റ്റ് പാങ്ങ് മസ്ജിദ് ഖബർ സ്ഥാനിൽ നടക്കും.
ഇന്നലെ വൈകുന്നേരം 5.20നാണ് വാൽപ്പാറയിൽ അപകടം നടന്നത്. മിനിവാൻ വാൽപ്പാറ ചുരം റോഡിൽ 300 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ചുരത്തിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വച്ച് വാഹനം നിയന്ത്രണം വിടുകയായിരുന്നു. വാഹനം പലവട്ടം കീഴ്മേൽ മറിഞ്ഞ് ഒമ്പതാം വളവിലേക്ക് പതിക്കുകയായിരുന്നു. ഉടൻ തന്നെ വാഹനം പൂർണമായും തകർന്നു.പൊള്ളാച്ചിയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് അപകടം നടന്ന സ്ഥലം. പാങ്ങ് എൽപി സ്കൂളിലെ അധ്യാപകർ വിനോദ യാത്ര കഴിഞ്ഞ് മടങ്ങുന്ന സമയത്താണ് ദുരന്തമുണ്ടായത്. ഡ്രൈവർ ഉൾപ്പെടെ 13 പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഏഴ് സ്ത്രീകൾക്കും ഒരു പുരുഷനും ഒരു കുട്ടിക്കും ജീവൻ നഷ്ടമാകുകയായിരുന്നു. പ്രധാന അധ്യാപിക അജിത, അധ്യാപികമാരായ റംല, സുഹറ, ആശ, മജീദ്, ഷക്കീല, സുഹറയുടെ മകൻ ഹിഷാം, മജീദിൻ്റെ ഭാര്യ റുഖിയ, പാചകത്തൊഴിലാളി സാജിത എന്നിവരാണ് മരിച്ചത്.
വെളിച്ചം പകർന്നവർക്ക് വിട; നൊമ്പരമായി പാങ്ങ്, മൃതദേഹവുമായി ആംബുലൻസ് സ്കൂൾ മുറ്റത്ത്


