ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിന് ജാമ്യമില്ല, കാരവൻ പിടിച്ചെടുത്തു

കൊച്ചി: ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല. തിങ്കളാഴ്ച വരെ രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം സിജെഎം കോടതിയാണ് ജാമ്യം നിഷേധിച്ചത്. മൂന്ന് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടത്. എസ് രാജീവാണ് രഞ്ജിത്തിന് വേണ്ടി കോടതിയിൽ ഹാജരായത്. ആദ്യം ഹാജരായ അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞിരുന്നു.
അതിനിടെ കേസുമായി ബന്ധപ്പെട്ട് കാരവൻ പിടിച്ചെടുത്തു. ചങ്ങനാശ്ശേരിയിൽ നിന്നും പിടിച്ചെടുത്ത രണ്ട് കാരവനുകൾ കൊച്ചിയിൽ എത്തിച്ചു. പ്രൊഡ്യൂസർ വാടകയ്ക്ക് എടുത്ത കാരവനുകളാണിവ. കേസുമായി ബന്ധപ്പെട്ട് സിനിമ സൈറ്റിലെ ആളുകളുടെ മൊഴി എടുക്കുന്നത് തുടരുകയാണ്.
കേസിൽ രഞ്ജിത്തിനെ ചോദ്യം ചെയ്യുന്നത് അനിവാര്യമെന്നായിരുന്നു പൊലീസ് കോടതിയെ അറിയിച്ചത്. സിനിമാ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. രഞ്ജിത്തിന്റെ പുതിയ സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. കൂടുതൽ പ്രാധാന്യമുള്ള റോൾ നൽകാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ പരാതി.എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുന്ന വഴി മുട്ടത്തുവെച്ചാണ് എറണാകുളം സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശത്തെ തുടർന്ന് തൊടുപുഴ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കൊച്ചി പൊലീസിന് കൈമാറുകയായിരുന്നു.എറണാകുളം സബ്‌ജയിലിലാണ് രഞ്ജിത്ത് ഉള്ളത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top