ഗെയിമിംഗ് ആപ്പിൽ നിക്ഷേപിച്ച പണം നഷ്ടപ്പെട്ട വിഷമം; യുവാവ് എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ, മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തി

കാസർകോട്: ഗെയിമിംഗ് ആപ്പ് വഴി നിക്ഷേപിച്ച പണം നഷ്ടമായതിൽ മനംനൊന്താണെന്ന് പറയുന്നു, യുവാവ് എലിവിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ച് ആശുപത്രിയിൽ. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗുരുപുരം സ്വദേശിയായ 25 കാരനാണ് ആശുപത്രിയിലായത്. ഇയാളുടെ പരാതിയിൽ കാസർകോട് സ്വദേശിയായ അൻസാർ എന്നയാൾക്കെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു.
ജില്ലാ മെഡിക്കൽ ഓഫീസറും കാസർകോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റും യുവാവിൽ നിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസെടുത്തത്. യുവാവ് ചെങ്കളയിലെ ഇ. കെ നായനാർ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. 2026 ഫെബ്രുവരി 28 മുതൽ മാർച്ച് 3 വരെയുള്ള ദിവസങ്ങളിൽ ഗെയിം ആപ്പിൽ പണം നിക്ഷേപിച്ചാൽ ലാഭം ലഭിക്കും എന്ന് വിശ്വസിപ്പിച്ച് ഗൂഗിൾ പേ വഴി 1,16,000 രൂപയും 19000 രൂപ സുഹൃത്ത് വഴി നേരിട്ട് കൈമാറുകയും ചെയ്‌തതായി യുവാവ് പൊലീസിനു നൽകിയ മൊഴിയിൽ പറഞ്ഞു. 15000രൂപ വിലവരുന്ന മൊബൈൽ ഫോൺ അന്യായമായി കൈക്കലാക്കിയതായും മൊഴിയിൽ പറഞ്ഞു. പണവും ഫോണും നഷ്ടപ്പെട്ട വിഷമത്തിലാണ് എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top