കാസർകോട്: കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന ടി ഉത്തംദാസിൻ്റെ നേതൃത്വത്തിൽ വൻ മയക്കുമരുന്നു വേട്ട. 2.8 കിലോ എംഡിഎംഎയുമായി യുവതിയടക്കം രണ്ടു പേരെ അറസ്റ്റു ചെയ്തു. മുക്കം, പൂളപ്പൊയിൽ, പുല്ലമ്പാടി പറമ്പിൽ പി മുഹമ്മദ് ഹനീഫ (36), കോഴിക്കോട്, ബേപ്പൂരിലെ റെയ്ഹാനത്ത് (45) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കോഴിക്കോട്,റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ടി. ഉത്തംദാസ്, താമരശ്ശേരി ഡിവൈഎസ്പി പി. വിനോദ് കുമാർ എന്നിവരുടെ മേൽനോട്ടത്തിൽ ഡാൻസാഫ് ടീം എസ്ഐമാരായ വിനീത് വിജയൻ, രാജീവ് ബാബു, കെ ശ്രീരാഗ്, മനോജ് രാമത്ത് തുടങ്ങിയവരടങ്ങിയ ടീമാണ് മയക്കുമരുന്നു വേട്ട നടത്തിയത്.എംഡിഎംഎയുമായി മുഹമ്മദ് ഹനീഫയെ ആണ് ആദ്യം അറസ്റ്റു ചെയ്തത്. ഇയാളെ മുക്കം പൊലീസ് സ്റ്റേഷനിൽ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് മുത്താലത്തെ വാടകവീട്ടിൽ കൂടുതൽ മയക്കുമരുന്നു സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചത്. പ്രസ്തുത വീട്ടിൽ പൊലീസ് എത്തുന്ന സമയത്ത് റെയ്ഹാനത്ത് മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. പരിശോധനയിൽ 2.286 കിലോഗ്രാം എംഡിഎംഎയും നോട്ടെണ്ണുന്നതിനുള്ള മെഷീനും പാക്കിംഗിനുള്ള കവറുകളും കണ്ടെടുക്കുകയായിരുന്നു. പ്രസ്തുത വീട് ആറു മാസം മുമ്പാണ് ഹനീഫ വാടകക്ക് എടുത്തത്. നേരത്തെ ഒഡീഷയിൽ നിന്നു കന്നുകാലികളെ ആന്ധ്രയിലെത്തിച്ചു വിൽപ്പന നടത്തി വരികയായിരുന്നു ഹനീഫ. ഇതിനിടയിലാണ് ലഹരി ഇടപാടിലേക്ക് തിരിഞ്ഞത്. തുച്ഛമായ പ്രതിഫലം വാഗ്ദാനം ചെയ്താണ് ഇയാൾ റെയ്ഹാനത്തിനെ കൂടെ കൂട്ടിയതെന്നു പൊലീസ് പറഞ്ഞു.
കാസർകോട് ജില്ലയിലെ പുല്ലൂർ – പെരിയ കേളോത്ത് സ്വദേശിയാണ് ടി. ഉത്തംദാസ്.
2.8 കിലോ എംഡിഎംഎയുമായി യുവതിയടക്കം 2 പേരെ അറസ്റ്റു ചെയ്തുതു, പിടികൂടിയത് രണ്ടരകോടി രൂപ വിലവരുന്ന മയക്കുമരുന്ന്


