ഇറാനെതിരെയുള്ള അമേരിക്ക-ഇസ്രായേല്‍ സംയുക്ത ആക്രമണത്തില്‍ കുവൈത്തില്‍ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശി. രാമനാഥപുരം കുളത്തൂര്‍ സ്വദേശി സന്താന സെല്‍വം (40) ആണ് കൊല്ലപ്പെട്ടത്. സ്വകാര്യ കമ്പനിയിലെ കരാര്‍ ജീവനക്കാരനാണ് ഇദ്ദേഹം. പ്ലാന്റിന് നേരെ തിങ്കളാഴ്ച പുലര്‍ച്ചെയോടെയായിരുന്നു ആക്രമണം.
വൈദ്യുതി, കുടിവെള്ള പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തിലാണ് ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പ്ലാന്റിന് സാരമായ കേടുപാടുകളുണ്ടായി. മരണം കുവൈറ്റ് സ്ഥിരീകരിച്ചു. ഇറാനെതിരെ നടക്കുന്ന യുദ്ധം തുടങ്ങിയിട്ട് ഒരു മാസം തികഞ്ഞു. ഇപ്പോഴിതാ ഇറാനെതിരെ അമേരിക്ക കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇറാന് പിന്തുണയുമായി ഇസ്രയേലിന് എതിരെ ഹൂതികളും ആക്രമണം ശക്തമാക്കി.
യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകള്‍ നടക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടെയാണ് ഇറാനില്‍ കര യുദ്ധത്തിന് അമേരിക്ക തയ്യാറെടുക്കുന്നു എന്നതിന്റെ സൂചനകളും പുറത്തു വരുന്നത്. പശ്ചിമേഷ്യയിലേക്ക് 10,000 സൈനികരെ എത്തിക്കാനുള്ള നീക്കത്തിലാണ് അമേരിക്ക. കരയുദ്ധത്തിന് മുന്നോടിയായാണ് സൈനിക നീക്കമെന്നാണ് വിലയിരുത്തല്‍.
ഇറാന് ആക്രമണം; കുവൈത്തില്‍ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശി


