മലപ്പുറം: ലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം. മലപ്പുറം ആതവനാട് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. കടകളിലേക്ക് നിത്യോപയോഗ സാധനങ്ങൾ എത്തിക്കുന്ന ലോറിയാണ് ബ്രേക്ക് നഷ്‌ടമായതിന് പിന്നാലെ നിയന്ത്രണം നഷ്‌ടപ്പെട്ട് ക്വാറിയിലേക്ക് മറിഞ്ഞത്.
ലോറിയിലുണ്ടായിരുന്ന ഡ്രൈവറെ രക്ഷപ്പെടുത്തി. വെള്ളത്തിന് അടിയിൽ അകപ്പെട്ട ലോറിയിൽ കുടുങ്ങിക്കിടക്കുന്ന സഹായിയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.അപകടത്തിന് പിന്നാലെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്. എന്നാൽ ലോറിക്കകത്ത് കുടുങ്ങിയ നിലയിലുള്ള സഹായിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ലോറി പൂർണമായും കുളത്തിൽ മുങ്ങിയ നിലയിലാണ്. ക്വാറി സ്ഥിതി ചെയ്യുന്നത് സ്ഥിരം അപകട മേഖലയിലാണെന്നും നാട്ടുകാർ പറയുന്നു. മാലിന്യവും പ്ലാസ്റ്റികും നിറഞ്ഞതും ആഴമുള്ളതുമായ പഴയ ക്വാറിയിലെ രക്ഷാപ്രവർത്തനം അതീവ ദുഷ്‌കരമാണെന്ന് നാട്ടുകാർ പറയുന്നു. ഏകദേശം 65 അടി താഴ്ച്ചയുള്ള ക്വാറിയിലെ വെള്ളക്കെട്ടിലേക്കാണ് ലോറി മറിഞ്ഞത്. തിരൂരിൽ നിന്നുള്ള ഫയർഫോഴ്‌സും സ്‌കൂബ ഡൈവേഴ്സും സ്ഥലത്ത് എത്തിയിട്ടുണ്ടെങ്കിലും അൽപ സമയത്തിന് മുൻപാണ് ലോറി ഉയർത്താൻ ക്രെയിൻ എത്തിയത്. വെള്ളത്തിനടിയിൽ മുങ്ങിയ ലോറി കണ്ടെത്തി ഉയർത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്.
മലപ്പുറത്ത് ലോറി ക്വാറിയിലെ വെള്ളക്കെട്ടിൽ വീണു; ഡ്രൈവറെ രക്ഷപ്പെടുത്തി, സഹായി കുടുങ്ങി കിടക്കുന്നു


