ചികിത്സാ പിഴവ്: സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ, ഉഷയുടെ ശസ്ത്രക്രിയ നാളെ

തിരുവനന്തപുരം: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ ഉപകരണം രോഗിയുടെ വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും ആശുപത്രി സൂപ്രണ്ടും രണ്ടാഴ്‌ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷൻ അംഗം വി ഗീതയുടെ നിർദേശം. പ്രാഥമിക പരിശോധനയിൽ തന്നെ സംഭവത്തിൽ വീഴ്ച കണ്ടെത്തിയിട്ടുണ്ടെന്ന് കമ്മീഷൻ്റെ വാർത്താ കുറിപ്പിൽ സൂചിപ്പിക്കുന്നത്. സംഭവത്തിലെ വിശദമായ അന്വേഷണ റിപ്പോർട്ട് ഇന്ന് മെഡിക്കൽ വിദ്യാഭ്യാസ ഓഫീസർക്ക് ലഭിക്കുമെന്നാണ് വിവരം.അതേസമയം ചികിത്സാ പിഴവ് നേരിട്ട ഉഷാ ജോസഫിൻ്റെ ശസ്ത്രക്രിയ നാളെ നടക്കും. ഉഷയുടെ മകൻ ഷിബിനെ ആരോഗ്യമന്ത്രി വീണാ ജോർജ് ഫോണിൽ വിളിച്ച് സംസാരിച്ചു. ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നിലവിൽ അമൃത ആശുപത്രിയിലാണ് ഉഷ ചികിത്സയിലിരിക്കുന്നത്. ആശുപത്രി അധികൃതരാണ് ശസ്ത്രക്രിയ വിവരം അറിയിച്ചത്. ഉഷയുടെ സിടി സ്കാൻ പരിശോധന പൂർത്തിയായതിന് പിന്നാലെയായിരുന്നു ആശുപത്രിയുടെ അറിയിപ്പ്. ഇതിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം ആശുപത്രിയിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിലെ ഡോക്ടർമാർ മെഡിക്കൽ ബോർഡ് യോഗം ചേരും. റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമാകും ശസ്ത്രക്രിയ.2021 മെയിലായിരുന്നു ഉഷയുടെ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയക്ക് പിന്നാലെ കഠിനമായ വേദന അനുഭവപ്പെട്ടിരുന്നതായി ഉഷ  പറഞ്ഞിരുന്നു. ആശുപത്രികളിൽ മാറിമാറി പോയി ചികിത്സ തേടിയിട്ടുണ്ടെന്നും ഉഷ പറഞ്ഞു. മൂത്രത്തിലൂടെ രക്തം പോകാൻ തുടങ്ങിയപ്പോഴാണ് താൻ ടെസ്റ്റുകൾ നടത്തിയത്. ജോലിക്ക് പോലും പോകാൻ പറ്റാത്ത അവസ്ഥയായിരുന്നു. മൂത്രസഞ്ചിയിൽ കല്ലാണ് എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് എക്സ്റേ എടുത്തപ്പോഴാണ് വയറ്റിൽ കത്രിക കണ്ടത് എന്നും ഉഷ പറഞ്ഞിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top