മലപ്പുറം: ആതവനാട് പാറക്കുളത്തിൽ വീണ ലോറി ആറ് മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിൽ പുറത്തെടുത്തു. ലോറിയിൽ കുടുങ്ങിയ പൈക്കിനിപറമ്പ് കുന്നത്തൊടിയിൽ മുസ്‌തഫ(45)യുടെ ജീവൻ രക്ഷിക്കാനായില്ല. ക്യാബിൻ പൊളിച്ചാണ് മുസ്‌തഫയുടെ മൃതദേഹം പുറത്തെടുത്തത്. ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് 70 അടി താഴ്‌ചയുള്ള പാറക്കുളത്തിലേക്ക് ലോറി മറിഞ്ഞത്.കടകളിലേക്ക് നിത്യോപയോഗ സാധനങ്ങൾ എത്തിക്കുന്ന ലോറിയാണ് ബ്രേക്ക് നഷ്ടമായതിന് പിന്നാലെ നിയന്ത്രണം നഷ്‌ടപ്പെട്ട് ക്വാറിയിലേക്ക് മറിഞ്ഞത്. ലോറിയിലുണ്ടായിരുന്ന ഡ്രൈവറെ നേരത്തെ തന്നെ രക്ഷപ്പെടുത്തിയിരുന്നു. അപകടത്തിന് പിന്നാലെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്.
എന്നാൽ ലോറിക്കകത്ത് കുടുങ്ങിയ സഹായിയായ മുസ്‌തഫയെ കണ്ടെത്താനായിരുന്നില്ല. ലോറി പൂർണമായും കുളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. ക്വാറി സ്ഥിതി ചെയ്യുന്ന സ്ഥലം സ്ഥിരം അപകട മേഖലയാണെന്ന് നാട്ടുകാർ പറയുന്നു. മാലിന്യവും പ്ലാസ്റ്റിക്കും നിറഞ്ഞതും ആഴമുള്ളതുമായ പഴയ ക്വാറിയിലെ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായിരുന്നു.
കാത്തിരിപ്പ് വിഫലം; പാറക്കുളത്തിൽ വീണ ലോറിയിൽ നിന്ന് മുസ്തഫയെ പുറത്തെടുത്തു, ജീവൻ രക്ഷിക്കാനായില്ല


