തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാക്കളെ ഇടിച്ച് തെറിപ്പിച്ചത് നടൻ മണിയൻപിള്ള രാജുവിന്റെ കാർ. വാഹനത്തിന്റെ ആർ സി ഓണറുടെ പേര് സുധീർകുമാർ എന്നാണ്. മണിയൻപിളള രാജുവിൻ്റെ യഥാർത്ഥ പേരാണ് സുധീർ കുമാർ. അപകടത്തിന് ശേഷം കാർ നിർത്താതെ പോയിരുന്നു. ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിൽ ഇന്നലെ രാത്രിയായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ രണ്ട് യുവാക്കൾക്ക് സാരമായി പരിക്കേറ്റിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ പ്രതികരണവുമായി മണിയൻപിളള രാജുവിൻ്റെ മകൻ നിരഞ്ജ് രംഗത്തെത്തിയിരുന്നു. മണിയൻപിള്ള രാജു ഇന്നലെ ദിവസം ട്രിവാൻഡ്രം ക്ലബിലേക്ക് ഡ്രൈവർക്കൊപ്പം പോയിരുന്നുവെന്ന് നിരഞ്ജ് പറഞ്ഞു. ക്ലബിന് പുറത്തേക്ക് ഇറങ്ങിയപ്പോൾ അച്ഛൻ്റെ വാഹനത്തിന് പിന്നിൽ ബൈക്ക് ഇടിക്കുകയായിരുന്നുവെന്നും നിരഞ്ജ് പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരിൽ നിന്നാണ് വിവരം അറിഞ്ഞതെന്നും നിരഞ്ജൻ വ്യക്തമാക്കി.സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടകരമായി വാഹനം ഓടിച്ചതിനും അലക്ഷ്യമായി, മനുഷ്യജീവന് ആപത്തുണ്ടാകുന്ന വിധത്തിൽ വാഹനമോടിച്ചതിനുമാണ് പൊലീസ് കേസെടുത്തത്. മോട്ടോർ വാഹന നിയമത്തിലെ വകുപ്പുകളും ചേർത്തിട്ടുണ്ട്. എഫ്ഐആറും രജിസ്റ്റർ ചെയ്തു. ‘വാഹനത്തിന്റെ്റെ ഡ്രൈവർ’ എന്ന പേരിലാണ് കേസെടുത്തിരിക്കുന്നത്. വാഹനമോടിച്ചത് ആരാണെന്ന് വ്യക്തമാകാത്തതിനാലാണ് അജ്ഞാത വ്യക്തിയെന്ന നിലയ്ക്ക് കേസെടുത്തിരിക്കുന്നത്.
മണിയൻപിളള രാജുവിനും കാറിനുമായുളള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി. രാത്രി രണ്ടുതവണ പൊലീസ് മണിയൻപിളള രാജുവിന്റെ വീട്ടിലെത്തി. എന്നാൽ നടനെ ഫോണിൽ ബന്ധപ്പെടാനാകുന്നില്ലെന്ന് പൊലീസ് അറിയിച്ചു. അപകടമുണ്ടാക്കിയ ശേഷം കാറുമായി ഒളിവിൽപോയിരിക്കാമെന്നാണ് നിഗമനം. അതേസമയം മണിയൻപിള്ള രാജു ഇന്ന് സ്റ്റേഷനിൽ ഹാജരായേക്കുമെന്ന് വിവരമുണ്ട്. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലാണ് ഹാജരാവുക.
അപകടമുണ്ടാക്കിയ കാറുമായി എത്തുമെന്നാണ് വിവരം. പൊലീസിനെ ഇക്കാര്യം അറിയിച്ചു. മണിയൻ പിള്ളയുമായി ബന്ധപ്പെടാൻ കഴിഞ്ഞെന്ന് പൊലീസ് പറഞ്ഞു. കാർ ഓടിച്ചത് മണിയൻ പിള്ള തന്നെയാണെന്നാണ് വിവരം.ഇന്നലെ രാത്രിയാണ് തിരുവനന്തപുരം ട്രിവാർഡ്രം ക്ലബിന് സമീപം വാഹനാപകടമുണ്ടായത്. അമിതവേഗത്തിൽ എത്തിയ വോൾവോ കാർ ഇടിച്ചാണ് ബൈക്ക് യാത്രികരായ യുവാക്കൾക്ക് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് കാറിനുള്ളിലായി. ബൈക്കുമായി കാർ അമിതവേഗത്തിൽ നീങ്ങിയെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ശ്രീകണ്ഠേശ്വരം സ്വദേശികളായ നിദേവ്, സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്. സൂരജിനെ എസ്‌പി ഫോർട്ട് ആശുപത്രിയിലും നിദേവിനെ കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സൂരജിന് തുടയെല്ലിന് പൊട്ടലും നിവേദിന് കാലിന് ഒടിവുമുണ്ടായി. അപകടത്തിൽപ്പെട്ട ബൈക്ക് ഫയർഫോഴ്‌സ് എത്തി റോഡരികിലേക്ക് മാറ്റിയിട്ടുണ്ട്.
തിരുവനന്തപുരത്ത് യുവാക്കളെ ഇടിച്ച് തെറിപ്പിച്ചത് നടൻ മണിയൻപിള്ള രാജുവിൻ്റെ കാർ; കേസെടുത്ത് പൊലീസ്


