ദീപക് ജീവനൊടുക്കിയ കേസ്; ഷിംജിതയെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതിയായ ഷിംജിതയെ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകിട്ട് 5 മണി വരെയാണ് ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
ഷിംജിത വീഡിയോ ചിത്രീകരിച്ച സ്വകാര്യ ബസിൽ വെച്ച് തെളിവെടുപ്പ് നടത്തുന്നതിന് വേണ്ടിയാണ് പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയത്. അതേസമയം, ലൈംഗികാരോപണ പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് പറഞ്ഞ ഷിംജിത വെറുതെ ഒന്നും പറയില്ലല്ലോ എന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.
ദീപക്കിന്റെ മരണത്തിൽ കുടുംബം നൽകിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ദീപക് ജീവനൊടുക്കാൻ കാരണം ഷിംജിത ഇൻസ്റ്റഗ്രാമിൽ ദൃശ്യങ്ങൾ സഹിതം ഉന്നയിച്ച ആരോപണങ്ങളാണെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. പയ്യന്നൂരിലെ ബസ് യാത്രക്കിടെ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടി ഷിംജിത ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു.
ഒരു ദിവസം കൊണ്ട് തന്നെ വീഡിയോ 23 ലക്ഷം പേരാണ് കണ്ടത്. ഇത് പ്രചരിച്ചതോടെയാണ് ദീപക്ക് ആത്മഹത്യ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ബസിലെ സിസിടിവി ദ്യശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും നിർണ്ണായകമായ തെളിവൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. യാത്രയ്ക്കിടെ ഉപദ്രവിച്ചെന്ന് ആരും പരാതി പറഞ്ഞില്ലെന്ന് ജീവനക്കാരും പൊലീസിനെ അറിയിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top