കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കട്ടിളപ്പാളി കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇന്ന് നിർണായകം. സ്വാഭാവിക ജാമ്യം തേടിയുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. ഇക്കഴിഞ്ഞ ജനുവരി 21ന് ദ്വാരപാലക ശിൽപത്തിലെ സ്വർണം കവർന്ന കേസിൽ പോറ്റിക്ക് ജാമ്യം ലഭിച്ചിരുന്നു.
ദ്വാരപാലക കേസിൽ കർശന ഉപാധികളോടെയായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നും സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നുമായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദം. തൊണ്ണൂറ് ദിവസത്തിലധികമായി ജയിലിൽ കഴിയുകയാണ് ഉണ്ണികൃഷ്ണൻ പോറ്റി. കട്ടിളപ്പാളി കേസിൽ കൂടി ജാമ്യം ലഭിച്ചാൽ ഉണ്ണികൃഷ്ണൻ പോറ്റി പുറത്തിറങ്ങും. അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ കൂടുതൽ കേസുകളെടുക്കാനുള്ള എസ്ഐടിയുടെ നീക്കം പാളി. സാമ്പത്തിക തട്ടിപ്പിൽ കേസുകളെടുക്കാനുള്ള നീക്കം എസ്ഐടി ഉപേക്ഷിച്ചു. പരാതിക്കാർ വീണ്ടും വരാൻ തയ്യാറാകാത്തതാണ് തിരിച്ചടിയായിരിക്കുന്നത്. നിലവിലുള്ള റിയൽ എസ്റ്റേറ്റ്, ചെക്ക് കേസുകൾ ഒത്തുതീർപ്പായി. കോടതിയിൽ തിരിച്ചടിയാകുമെന്നും എസ്ഐടി വിലയിരുത്തുന്നു. പുതിയ പരാതിക്കാരെ കണ്ടെത്താനാവാത്തതും തിരിച്ചടിയാണ്. ഇതോടെ പുറത്തിറങ്ങുന്ന പോറ്റിയെ അറസ്റ്റ് ചെയ്യാനാവില്ല.ശബരിമല സ്വർണക്കൊള്ള കേസിൽ ഇതുവരെ മൂന്ന് പേരാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.
ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവായിരുന്നു ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ആദ്യ ആൾ. ദ്വാരപാലക കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ കട്ടിളപ്പാളി കേസിലും മുരാരി ബാബുവിന് ജാമ്യം ലഭിക്കുകയായിരുന്നു. കൊല്ലം വിജിലൻസ് കോടതിയായിരുന്നു ജാമ്യം അനുവദിച്ചത്. റാന്നി കോടതി പരിധിയിൽ പ്രവേശിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകരണം, തെളിവുകൾ നശിപ്പിക്കരുത് തുടങ്ങിയ വ്യവസ്ഥകളായിരുന്നു കോടതി മുന്നോട്ടുവെച്ചത്.മുരാരി ബാബുവിന് ജാമ്യം ലഭിച്ചതിന് പിന്നാലെ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിനും ജാമ്യം ലഭിച്ചു. ജനുവരി 29നായിരുന്നു ശ്രീകുമാറിന് ജാമ്യം ലഭിച്ചത്. അറസ്റ്റിലായി 43-ാം ദിവസമായിരുന്നു ശ്രീകുമാറിന് ജാമ്യം ലഭിച്ചത്. ശ്രീകുമാറിന് ജാമ്യം അനുവദിക്കുമ്പോഴും കോടതി കർശന ഉപാധികൾ മുന്നോട്ടുവെച്ചിരുന്നു. ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാമതായി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത് മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറായിരുന്നു. ആദ്യം ദ്വാരപാലക കേസിലും പിന്നാലെ ഫെബ്രുവരി രണ്ടിന് കട്ടിളപ്പാളി കേസിലും സുധീഷ് കുമാറിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
ശബരിമല സ്വർണക്കൊളള കേസിൽ എസ്ഐടി അന്വേഷണത്തെ കഴിഞ്ഞ ദിവസം ഹൈക്കോടതി പ്രശംസിച്ചിരുന്നു. എസ്ഐടിയുടേത് ഏറ്റവും വിശ്വാസയോഗ്യമായ അന്വേഷണമാണെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. സിബിഐ അന്വേഷണത്തിനുളള ആവശ്യം കോടതി അംഗീകരിച്ചില്ല. സംസ്ഥാന പൊലീസിലെ ഉദ്യോഗസ്ഥരാണ് സിബിഐയിൽ ഡെപ്യൂട്ടേഷനിൽ പോകുന്നതെന്നും ഏറ്റവും വിശ്വാസ്യതയുളള ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു. ശബരിമല സ്വർണക്കൊളള കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിലായിരുന്നു ദേവസ്വം ബെഞ്ചിന്റെ പരാമർശം.നിസാരമായ കാര്യങ്ങൾ മുൻനിർത്തി സിബിഐ അന്വേഷണം ആവശ്യപ്പെടരുതെന്ന് ഹർജിക്കാരോട് ഹൈക്കോടതി പറഞ്ഞിരുന്നു. എസ്ഐടി അന്വേഷണം നടത്തുന്നത് ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണെന്നും അന്വേഷണം എങ്ങനെയാണ് മുന്നോട്ടുപോകുന്നതെന്ന് ദേവസ്വം ബെഞ്ചിന് അറിയാമെന്നും കോടതി പറഞ്ഞിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കം നൽകിയ ഹർജികൾ തളളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമർശം.
പോറ്റിക്ക് ഇന്ന് നിർണായകം; കട്ടിളപ്പാളി കേസിൽ ജാമ്യം തേടിയുള്ള അപേക്ഷയിൽ വിധി ഇന്ന്


