ചെന്നൈ: സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ ഹൃദായാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 1955 മാർച്ച് അഞ്ചിന് തമിഴ്‌നാട്ടിലായിരുന്നു ജനനം. 150ൽ അധികം മലയാള ചലച്ചിത്രങ്ങൾക്കാണ് അദ്ദേഹം ഈണം നൽകിയത്. ഇന്ദ്രജാലം, കിലുക്കം, മിന്നാരം, സ്‌ഫടികം, ദ്രുവം, കൗരവർ, ജോണി വാക്കർ, ഹിറ്റ്ലർ, രാജാവിൻ്റെ മകൻ എന്നീ സിനിമകളിലെ പാട്ടുകൾ ഏറെ പ്രശസ്തമാണ്. തൊണ്ണൂറുകളിൽ മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായിരുന്നു എസ് പി വെങ്കിടേഷ്.മാൻഡലിൻ വിദ്വാനായ പിതാവിൽ നിന്നാണ് വെങ്കിടേഷിന് സംഗീതം പകർന്നുകിട്ടിയത്. പിതാവിന്റെ ശിക്ഷണത്തിൽ മൂന്ന് വയസ് മുതൽക്കെ വെങ്കിടേഷ് മാൻഡലിൻ വായിക്കാൻ പഠിച്ചു. ഗിറ്റാറിലും ബാഞ്ചോയിലും വെങ്കിടേഷ് കഴിവ് തെളിയിച്ചു. 1968 മുതൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിലെ നിരവധി ചിത്രങ്ങളുടെ ഓർക്കസ്ട്രയിൽ എസ് പി വെങ്കിടേഷ് ഉണ്ടായിരുന്നു.
1971ൽ സംഗീത സംവിധായകൻ വിജയഭാസ്കറിനൊപ്പമായിരുന്നു സിനിമയിൽ അദ്ദേഹം തുടക്കം കുറിച്ചത്. 1975ൽ കന്നഡ സിനിമകളിൽ അദ്ദേഹം അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി. 1981ൽ പ്രേമയുദ്ധ എന്ന തെലുങ്ക് ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. രണ്ട് വർഷത്തിന് ശേഷം മലയാളത്തിലേക്കെത്തി.
ഇക്കാലയളവിനിടെ ദേവരാജൻ മാസ്റ്റർ, ദക്ഷിണാമൂർത്തി സ്വാമികളടക്കമുള്ളവരോടൊപ്പം അദ്ദേഹം പ്രവർത്തിച്ചു കഴിഞ്ഞിരുന്നു.
സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു


