പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് വീണ്ടും പരോൾ; ടി. രഞ്ജിത്തിന് പരോൾ അനുവദിക്കുന്നത് മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണ

കാസർഗോഡ്: പരോൾ വിഷയത്തിലെ രാഷ്ട്രീയ യുദ്ധങ്ങൾക്കിടെ പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് വീണ്ടും പരോൾ. കേസിലെ പത്താം പ്രതി രഞ്ജിത്തിനാണ് ജാമ്യം ലഭിച്ചത്. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് രഞ്ജിത്തിന് പരോൾ അനുവദിക്കുന്നത്. നിലവിൽ കേസിലെ പീതാംബരൻ, ജിജിൻ എന്നീ പ്രതികളും പരോളിലാണ്. കേസിൽ ശിക്ഷാവിധി വന്ന് ഒരു വർഷം തികയും മുൻപ് പ്രതികൾക്ക് തുടർച്ചയായി പരോൾ നൽകുന്നതിനെതിരെ നേരത്തെ കോൺഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. സിപിഐഎം നേതാക്കൾ ഉൾപ്പെടെയുള്ളവരാണ് ജയിൽ ഉപദേശക സമിതിയിലുള്ളത്. ഇവരുടെ ശുപാർശ പ്രകാരമാണ് പ്രതികൾക്ക് പരോൾ ലഭിക്കുന്നതെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം.മൂന്ന് വർഷം നീണ്ട വിചാരണയ്ക്കെ‌ാടുവിൽ 2025 ജനുവരി മൂന്നിനാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ കൊച്ചി സിബിഐ കോടതി, പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷാ വിധിച്ചത്. 2023 ഫെബ്രുവരി രണ്ടിനാണ് സിബിഐ കോടതിയിൽ വിചാരണ ആരംഭിച്ചത്. 154 പ്രോസിക്യൂഷൻ സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. 495 രേഖകളും, 85 തൊണ്ടിമുതലും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രതിഭാഗം മൂന്ന് സാക്ഷികളെയാണ് വിസ്‌തരിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ബോബി ജോസഫാണ് ഹാജരായത്. 2024 ഡിസംബർ 28ന് 14 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി പുറപ്പെടുവിച്ചു. പ്രതികളിൽ 10 പേരെ കൊച്ചി സിബിഐ കോടതി വെറുതെവിട്ടു. കുറ്റക്കാരാണെന്ന് കണ്ടെത്തിയവരിൽ ഉദുമ മുൻ എംഎൽഎ കെ.വി. കുഞ്ഞിരാമൻ അടക്കം ആറ് പേർ സിപിഎമ്മിൻറെ പ്രധാന നേതാക്കളാണ്.2019 ഫെബ്രുവരി 17ന് വൈകുന്നേരും ആറിനും ഏഴരയ്ക്കുമിടയിലാണ് പെരിയ വില്ലേജിലെ കണ്ണാടിപാറ കല്ലിയോട്ട് വെച്ച് ശരത് ലാലും കൃപേഷും ക്രൂരമായി കൊലചെയ്യപ്പെടുന്നത്. ബൈക്കിൽ യാത്രചെയ്യുകയായിരുന്ന ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തിരുവനന്തപുരത്തെ സിബിഐ യൂണിറ്റ് ആണ് കേസ് അന്വേഷിച്ചത്. കൃത്യത്തിൽ പങ്കെടുത്ത ഒന്നാം പ്രതി പീതാംബരൻ അടക്കമുള്ളവരെ ക്രൈം ബ്രാഞ്ച് പിടികൂടിയിരുന്നു. എന്നാൽ കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചന കേന്ദ്രീകരിച്ചായിരുന്നു സിബിഐ അന്വേഷണം. ഈ ഘട്ടത്തിലാണ് ഉദുമ മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കെ.വി. കുഞ്ഞിരാമൻ പ്രതിയായത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. മണികണ്ഠ‌ൻ, സിപിഎം നേതാക്കളായ രാഘവൻ വെളുത്തോളി, എൻ. ബാലകൃഷ്‌ണൻ, ഭാസ്കരൻ വെളുത്തോളി തുടങ്ങിയവരും പിന്നീട് പ്രതികളായി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top