ശബരിമല സ്വർണ്ണക്കൊളള കേസ് ; മുൻ എക്സ‌ിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാറിന് ജാമ്യം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊളള കേസിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന് ജാമ്യം. രണ്ട് കേസുകളിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെ സുധീഷ് കുമാർ ഇന്ന് ജയിൽമോചിതനാകും. ശബരിമല സ്വർണക്കൊളളയുമായി ബന്ധപ്പെട്ട് മുരാരി ബാബു, ശ്രീകുമാർ എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കൊല്ലം വിജിലൻസ് കോടതിയാണ് സുധീഷ് കുമാറിന് ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി, ദ്വാരപാലക പാളി കേസുകളിൽ അറസ്റ്റിലായി 90 ദിവസം പൂർത്തിയായതോടെയാണ് സ്വാഭാവിക ജാമ്യം കോടതി അനുവദിച്ചത്.
സ്വർണ്ണക്കൊള്ളക്കേസിൽ ശബരിമല മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന് ജനുവരി 29-നാണ് ജാമ്യം ലഭിച്ചത്. കർശന ഉപാധികളോടെ കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം നൽകിയത്. ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് പാളികൾ കൈമാറിയപ്പോഴും തിരികെ കൊണ്ടുവന്നപ്പോഴും ശ്രീകുമാറായിരുന്നു അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ. താൻ ജോലിയിൽ പ്രവേശിക്കും മുൻപേ മഹസറിന്റെ കരട് മുരാരി ബാബു തയ്യാറാക്കിയിരുന്നുവെന്നാണ് ശ്രീകുമാറിന്റെ വാദം. ഉദ്യോഗസ്ഥനെന്ന നിലയിൽ ഒപ്പിടുകയെന്നത് ഉത്തരവാദിത്തമായിരുന്നുവെന്നും ശ്രീകുമാർ വാദിച്ചു.ശബരിമല സ്വർണക്കൊള്ളക്കേസിൽ നടൻ ജയറാമിനെ കഴിഞ്ഞ ദിവസം അന്വേഷണസംഘം ചോദ്യംചെയ്‌തിരുന്നു. ചെന്നൈയിലെ വീട്ടിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. മുഖ്യപ്രതി ഉണ്ണികൃഷ്‌ണൻ പോറ്റിയുമായി ജയറാമിനുള്ള ബന്ധത്തെക്കുറിച്ചാണ് എസ്ഐടി വിശദമായി ചോദിച്ചത്. ശബരിമലയിൽ നിന്നാണ് ബന്ധം തുടങ്ങിയതെന്ന് ജയറാം എസ്ഐടിക്ക് മുന്നിൽ മൊഴി നൽകിയെന്നാണ് വിവരം. ഉണ്ണികൃഷ്‌ണൻ പോറ്റി പലതവണ വീട്ടിൽ വന്നിട്ടുണ്ടെന്നും പലതവണ വീട്ടിൽ പൂജകൾ ചെയ്‌തിട്ടുണ്ടെന്നും ജയറാം മൊഴി നൽകി. സ്വർണ്ണക്കൊള്ളയെക്കുറിച്ച് ഒന്നുമറിയില്ല, പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടും ഉണ്ടായിട്ടില്ലെന്നും ജയറാം എസ്ഐടിയോട് പറഞ്ഞു.
പാളികൾ വീട്ടിലെത്തി പൂജിക്കാൻ പോറ്റി തന്നെ ആവശ്യപ്പെടുകയായിരുന്നുവെന്നും ജയറാം പറഞ്ഞു.
അതേസമയം, കട്ടിളപ്പാളി കേസിൽ ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ ബുധനാഴ്ച്ച വിജിലൻസ് കോടതി വാദം കേൾക്കും. എൻ വാസുവിനെ 14 ദിവസത്തേക്ക് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ദ്വാരപാലക ശിൽപ കേസിൽ തന്ത്രി കണ്ഠ‌രര് രാജീവര് ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top