പത്തനംതിട്ട: പ്രണയാഭ്യർത്ഥന നിരസിച്ചതിന് പത്തനംതിട്ട തിരുവല്ലയിൽ 19കാരിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്ന കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതിയുടേതാണ് കണ്ടെത്തൽ. 2019 ലാണ് കേസിനാസ്പദമായ സംഭവം.
തിരുവല്ല ചുമത്ര സ്വദേശിനി കവിതയായിരുന്നു കൊല്ലപ്പെട്ടത്. പ്രതി കുമ്പനാട് സ്വദേശി അജിൻ റെജി മാത്യുവിനെ സംഭവസ്ഥലത്ത് നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ശിക്ഷാവിധി മറ്റന്നാൾ പ്രസ്താവിക്കും. പ്രതിക്ക് പരമാവധി ശിക്ഷ കിട്ടണമെന്ന് കവിതയുടെ മാതാപിതാക്കൾ പറഞ്ഞു. കോടതിയിൽ എല്ലാ തെളിവുകളും ഹാജരാക്കിയതായി പബ്ലിക് പ്രോസിക്യൂട്ടർ ഹരിശങ്കറും പറഞ്ഞു.2019 ൽ തിരുവല്ല ടൗണിലാണ് സംഭവം നടന്നത്. പതിവുപോലെ സ്ഥലത്തെ റേഡിയോളജി വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് എത്തിയതായിരുന്നു കവിത. ഈ സമയം അജിൻ റെജി മാത്യു കയ്യിൽ കത്തിയും മൂന്ന് കുപ്പി പെട്രോളുമായി കവിതയുടെ അടുത്തെത്തി. തുടർന്ന് കത്തികൊണ്ട് കുത്തി. പിന്നാലെ ഒരു കുപ്പി പെട്രോൾ കവിതയുടെ ദേഹത്തേയ്ക്ക് ഒഴിച്ചു. നാട്ടുകാർ ഓടിക്കൂടി തീയണയ്ക്കുകയും കവിതയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിനിടെ പ്രതി അജിൻ റെജിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചിരുന്നു. കവിതയ്ക്ക് അറുപത് ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ചികിത്സയിലിരിക്കെയായിരുന്നു മരണം. കവിതയുടെ മരണമൊഴി കേസിൽ നിർണായകമായിരുന്നു.
തിരുവല്ലയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് 19കാരിയെ തീകൊളുത്തി കൊന്ന സംഭവം; പ്രതി കുറ്റക്കാരനെന്ന് കോടതി


